ശരിയായ രീതിയില്‍ കൈ കഴുകൂ, പല രോഗങ്ങളെയും നിയന്ത്രിക്കൂ
ശരിയായ രീതിയിൽ കൈകൾ കഴുകിയാൽ വയറിളക്കം പോലുള്ള അസുഖങ്ങൾ 40 ശതമാനം വരെയും ശ്വാസകോശ സംബന്ധമായുള്ള അസുഖങ്ങൾ 20 ശതമാനം വരെയും കുറയ്ക്കാൻ സാധിക്കും

ഏകദേശം 80 ശതമാനത്തോളം അസുഖങ്ങളും പകരുന്നത് കൈകൾ സ്പർശിക്കുന്നതിലൂടെയാണ്. എന്നാൽ, ശരിയായ രീതിയിൽ കൈ കഴുകുന്നതിലൂടെ പല രോഗങ്ങളെയും നിയന്ത്രിക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ശരിയായ രീതിയിൽ കൈകൾ കഴുകിയാൽ വയറിളക്കം പോലുള്ള അസുഖങ്ങൾ 40 ശതമാനം വരെയും ശ്വാസകോശ സംബന്ധമായുള്ള അസുഖങ്ങൾ 20 ശതമാനം വരെയും കുറയ്ക്കാൻ സാധിക്കും. നമ്മളറിയാതെ തന്നെ ഒരുപാടധികം രോഗാണുക്കളെയാണ് നമ്മൾ കൈകളിൽ കൊണ്ടുനടക്കുന്നത്.
ഓരോ 30 മിനിറ്റിലും നമ്മൾ ഏകദേശം 300 പ്രതലങ്ങളിൽ തൊടുകയും ഏകദേശം 84,000 രോഗാണുക്കളുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്യുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സോപ്പ് ഉപയോഗിച്ച് 20 സെക്കൻഡ് നേരമെങ്കിലും കൈകളുടെ വിരലുകളും നഖങ്ങളും കൈപ്പുറം ഉൾപ്പെടെ നന്നായി തിരുമ്മി കഴുകുന്നത് അണുബാധ പകരുന്നത് ഏറെക്കുറെ നിയന്ത്രിക്കാൻ സഹായിക്കും.
അണുബാധ പകരുന്നത് തടയാൻ താഴെ പറയുന്ന സാഹചര്യങ്ങളിൽ നിർബന്ധമായും കൈകൾ കഴുകിയിരിക്കണം: ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും: കൈകളിലെ അണുക്കൾ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് കടക്കുന്നത് തടയാൻ ഇത് സഹായിക്കും. പാചകം ചെയ്യുന്നതിന് മുൻപ്: പാചകത്തിന് മുൻപ് നിർബന്ധമായും കൈകൾ ശുചിയാക്കണം. മുറിവുകൾ ചികിത്സിക്കുമ്പോഴും മരുന്ന് കഴിക്കുന്നതിന് മുൻപും: ഈ സമയങ്ങളിൽ കൈകൾ നന്നായി കഴുകിയിരിക്കണം. രോഗികളെ പരിചരിക്കുമ്പോൾ: രോഗിയെ പരിചരിക്കുന്നതിന് മുൻപും ശേഷവും കൈകൾ കഴുകി സൂക്ഷിക്കണം.
ചുമ, തുമ്മൽ തുടങ്ങിയ അവസ്ഥകളിൽ: രോഗാണുക്കൾ കൈകൾ സ്പർശിക്കുന്ന പ്രതലങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ ഈ സമയത്തും കൈകൾ നന്നായി കഴുകുക. ശൗചാലയം ഉപയോഗിച്ച ശേഷവും വളർത്തുമൃഗങ്ങളെ പരിപാലിച്ച ശേഷവും കൈകള്‍ നന്നായി കഴുകുക.
What's Your Reaction?






