ഇളയ മകന്‍ മരിച്ചത് ഷെമീനയെ അറിയിച്ചു, കൊന്നത് അഫാന്‍ ആണെന്ന് പറഞ്ഞില്ല; നിലവിളിച്ച് കരഞ്ഞ് ഉമ്മ
ഘട്ടം ഘട്ടമായി മറ്റ് കൊലപാതകങ്ങളും അറിയിക്കാമെന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം.

തിരുവനന്തപുരം: ഒടുവില്‍ ദുരന്തവാര്‍ത്ത അറിഞ്ഞ് ഉമ്മ. രണ്ട് ദിവസമായി ഭര്‍ത്താവിനോടും ഡോക്ടര്‍മാരോടും മക്കള്‍ എന്താണ് തന്നെ കാണാന്‍ വരാത്തതെന്ന് ഷെമീന ചോദിക്കുന്നുണ്ടായിരുന്നു. പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍, ഇനിയും മറച്ചുവെക്കേണ്ടെന്നും ഓരോന്നായി മരണവിവരം അറിയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതോടെയാണ് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവ് അബ്ദുള്‍ റഹീം തന്നെ വിവരം അറിയിക്കാന്‍ തീരുമാനിച്ചത്.
ഇളയ മകന്‍ അഫ്സാന്‍ മരിച്ചെന്നാണ് ആദ്യം പറഞ്ഞത്. ആത്മഹത്യയെന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മൂത്തമകന്‍ അഫാനും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അഫാന്‍ ഐ.സി.യുവില്‍ ചികിത്സയിലാണെന്നും പറഞ്ഞു. മറ്റ് കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാതെ ഷെമീന നിലവിളിച്ച് കരയുകയായിരുന്നു. അതോടെ സൈക്യാട്രിക് വിദഗ്ധര്‍ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരെത്തി ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.
ഘട്ടം ഘട്ടമായി മറ്റ് കൊലപാതകങ്ങളും അറിയിക്കാമെന്നാണ് ഡോക്ടര്‍മാരുടെ തീരുമാനം. മരണവിവരം അറിയിച്ച ശേഷമേ പോലീസിന് ഷെമീനയുടെ വിശദമൊഴിയെടുക്കാനാകുകയുള്ളൂ. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ഇപ്പോഴും ഷെമീന പോലീസിനോട് പറഞ്ഞിരിക്കുന്നത്. കൂട്ടക്കൊല വിവരം അറിഞ്ഞ ശേഷം ചോദ്യം ചെയ്യുമ്പോള്‍ കൊലയ്ക്ക് കാരണമായി അഫാന്‍ പറഞ്ഞത് ശരിയാണോയെന്ന് ചോദിച്ചറിയാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അഫാനെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് കോടതിയാണ് അഫാനെ പാങ്ങോട് പോലീസിന് കൈമാറിയത്. ഇന്ന് പോലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യം ചെയ്ത ശേഷം നാളെ തെളിവെടുപ്പിന് കൊണ്ടുപോകും. ഇതിന് ശേഷം വെഞ്ഞാറമൂട് പോലീസ് രജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിൽ വാങ്ങും. എല്ലാ കൊലക്കേസുകളിലും അഫാന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
What's Your Reaction?






