നൈജറില്‍ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു, ഒരാളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി
ജമ്മു കശ്മീരിൽ നിന്നുള്ള രഞ്ജിത് സിങ്ങിനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.

നിയാമി: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറിൽ ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒരാളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ജാർഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കർമാലി (39) ആണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. രണ്ടാമത്തെയാൾ ദക്ഷിണേന്ത്യൻ സംസ്ഥാനത്തുനിന്നുള്ള കൃഷ്ണൻ എന്ന് മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ജമ്മു കശ്മീരിൽ നിന്നുള്ള രഞ്ജിത് സിങ്ങിനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. നൈജറിലെ ഇന്ത്യൻ എംബസി സംഭവം സ്ഥിരീകരിച്ചു. ''ജൂലൈ 15-ന് നൈജറിലെ ഡോസോ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. നൈജറിലുള്ള എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുന്നു,'' പോസ്റ്റിൽ പറയുന്നു.
തലസ്ഥാനമായ നിയാമിയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള ഡോസോയിലെ ഒരു കെട്ടിട നിര്‍മാണ സ്ഥലത്ത് കാവല്‍ നില്‍ക്കുന്ന സൈനിക യൂണിറ്റിനെയാണ് അജ്ഞാതരായ തോക്കുധാരികള്‍ ആക്രമിച്ചത്. ആ സമയത്ത്, അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ മറ്റ് ആറ് പേര്‍ കൂടി കൊല്ലപ്പെട്ടതായാണ് വിവരം.
What's Your Reaction?






