ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ റേഞ്ച്; പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ടിവിഎസ്
പുതിയ സ്‌കൂട്ടറിന്റെ വരവോടെ ടിവിഎസിന്റെ നിരയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണം രണ്ടായി

ഓര്‍ബിറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ടിവിഎസ് എത്തി. വില 99,900 രൂപയാണ്. ഒറ്റ ചാര്‍ജില്‍ 158 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്ന 3.1 കിലോവാട്ട് ബാറ്ററിയാണ് പുതിയ സ്‌കൂട്ടറില്‍. പുതിയ സ്‌കൂട്ടറിന്റെ വരവോടെ ടിവിഎസിന്റെ നിരയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ എണ്ണം രണ്ടായി.
ഐക്യൂബില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈന്‍ പാറ്റേണാണ് ഓര്‍ബിറ്ററിന്. മള്‍ട്ടി കളര്‍ ഫോര്‍മാറ്റില്‍ വരുന്ന സ്‌കൂട്ടറിന് മികച്ച ഡിസൈനാണ്. നിയോണ്‍ സണ്‍ബേസ്റ്റ്, സ്റ്റാറെറ്റോ ബ്ലൂ, ലൂണാര്‍ ഗ്രേ, സ്റ്റെല്ലര്‍ സില്‍വര്‍, കോസ്മിക് ടൈറ്റാനിയം, മാര്‍ഷന്‍ കോപ്പര്‍ തുടങ്ങി ആറു നിറങ്ങളില്‍ പുതിയ സ്‌കൂട്ടര്‍ ലഭിക്കും. മികച്ച യാത്ര സുഖം നല്‍കുന്ന ഫ്‌ലാറ്റായ 845 എംഎം സീറ്റാണ് നല്‍കിയിരിക്കുന്നത്. മുന്നില്‍ 14 ഇഞ്ച് വീലും പിന്നില്‍ 12 ഇഞ്ച് വീലുമാണ് ഉപയോഗിക്കുന്നത്.
സീറ്റിന് അടിയില്‍ 34 ലീറ്റര്‍ സ്റ്റോറേജും നല്‍കിയിരിക്കുന്നു. മള്‍ട്ടി കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഓര്‍ബിറ്ററിന്റെ മറ്റൊരു ആകര്‍ഷണം. റിവേഴ്‌സ് പാര്‍ക്കിങ്, ഓട്ടമേറ്റഡ് ഹില്‍ ഹോള്‍ഡ് അസിസ്റ്റ് എന്നിവ സെഗ്മെന്റില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്നത് ഓര്‍ബിറ്ററിലൂടെയാണെന്ന് ടിവിഎസ് അവകാശപ്പെടുന്നു.
What's Your Reaction?






