ബംപര്‍ നറുക്കെടുപ്പ് നടന്ന ദിവസം അവധിയെടുത്ത് വീട്ടിലേക്ക് പോയി, 25 കോടിയുടെ ഭാഗ്യവാന്‍ പെയിന്‍റ് കട ജീവനക്കാരന്‍
നെട്ടൂരിലെ ലോട്ടറി ഏജൻ്റായ എം.ടി. ലതീഷിൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്
ആലപ്പുഴ: 25 കോടി രൂപയുടെ തിരുവോണം ബംപർ ലോട്ടറി അടിച്ച ഭാഗ്യവാനെ ഒടുവിൽ തിരിച്ചറിഞ്ഞു. നെട്ടൂരിലെ നിപ്പോൺ പെയിൻ്റ് കടയിലെ ജീവനക്കാരനായ ശരത് എസ്. നായരാണ് ആ കോടിപതി. നെട്ടൂർ തുറവൂർ തൈക്കാട്ടുശേരിയിലുള്ള എസ്ബിഐ (SBI) ശാഖയിൽ ശരത് ടിക്കറ്റ് ഹാജരാക്കി. നെട്ടൂരിലെ ലോട്ടറി ഏജൻ്റായ എം.ടി. ലതീഷിൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്.
ബംപർ നറുക്കെടുപ്പ് നടന്ന ദിവസം രാവിലെ ജോലിക്കെത്തിയ ശരത് പിന്നീട് സ്ഥാപനത്തിൽ നിന്ന് അവധിയെടുത്ത് പോവുകയായിരുന്നു. കുടുംബത്തിൽ ചില പ്രശ്നങ്ങളുണ്ടെന്നും ആശുപത്രിയിൽ പോകണമെന്നും പറഞ്ഞാണ് ശരത് പോയതെന്ന് സഹപ്രവർത്തകർ പറയുന്നു.
ശരത് ലോട്ടറി എടുക്കുന്ന കാര്യം കൂടെയുള്ളവർക്ക് അറിയാമായിരുന്നെങ്കിലും 25 കോടിയുടെ ബംപർ അടിച്ച വിവരം മറ്റുള്ളവർ അറിഞ്ഞിരുന്നില്ല. ശരത് സ്ഥിരമായി ബംപറെടുക്കുന്ന ആളാണെന്ന് സുഹൃത്തുക്കൾ പറഞ്ഞു. തൊട്ടടുത്തുള്ള ലോട്ടറി ഏജൻസിയിൽ നിന്നാണ് അദ്ദേഹം ടിക്കറ്റെടുത്തത്. ശരത് ഈ കടയിൽ നിന്ന് ടിക്കറ്റ് എടുത്തപ്പോൾ കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃപ്പൂണിത്തുറയിൽ പോയാണ് ടിക്കറ്റ് എടുത്തതെന്നും സുഹൃത്ത് വ്യക്തമാക്കി.
What's Your Reaction?

