2 സാമ്പിളുകൾ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി : മന്ത്രി വീണാ ജോർജ്

രോഗി വെന്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കുന്നു

May 30, 2025 - 13:23
May 30, 2025 - 13:23
 0  9
2 സാമ്പിളുകൾ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായി : മന്ത്രി വീണാ ജോർജ്

മലപ്പുറം: മലപ്പുറം ജില്ലയിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയിൽ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകൾ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗിയുടെ രോഗാവസ്ഥ സംബന്ധിച്ച് അവിടുത്തെ അതിതീവ്ര പരിചരണ വിഭാഗത്തിലെ ഡോക്ടർ ജിതേഷുമായി സംസാരിച്ചു. ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങൾ തുടർച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 12 ദിവസമായി രോഗി വെന്റിലേറ്ററിന്റെ സഹായം കൂടാതെയാണ് ശ്വാസോച്ഛ്വാസം ചെയ്യുന്നത്. 

ഇപ്പോൾ പൂർണമായും അന്തരീക്ഷവായുവാണ് ശ്വസിക്കുന്നത്, ഒരു ശ്വസന സഹായിയുടെ ആവശ്യമില്ല. ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഓക്സിജൻ സാച്ചുറേഷൻ തുടങ്ങിയ അടിസ്ഥാന സൂചകങ്ങൾ എല്ലാം സാധാരണ നിലയിലാണ്. കരൾ, വൃക്കകൾ തുടങ്ങിയ ആന്തരിക അവയവങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. രോഗി ബോധത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിലും തലച്ചോറിന്റെ പ്രവർത്തനങ്ങളും പതിയെ മെച്ചപ്പെടുന്നതായിട്ടാണ് കാണുന്നത്. ചിലപ്പോഴെങ്കിലും കണ്ണുകൾ ചലിപ്പിക്കുന്നുണ്ട്, രണ്ട് ദിവസമായി താടിയെല്ലുകൾ ചലിപ്പിക്കുകയും വേദനയോട് ചെറിയ രീതിയിൽ പ്രതികരിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. തുടർ എംആർഐ പരിശോധനകളിൽ അണുബാധ കാരണം തലച്ചോറിൽ ഉണ്ടായ പരിക്കുകൾ ഭേദമായി വരുന്നതായി കാണുന്നു.

കൂടുതൽ വ്യാപനമില്ലാതെ രോഗബാധ കെട്ടടങ്ങും എന്ന് കരുതുന്നു. ആദ്യ അണുബാധ കണ്ടെത്തിക്കഴിഞ്ഞ് ഒരു പൂർണമായ ഇൻകുബേഷൻ പീരീഡ് (ആദ്യ രോഗിയിൽ നിന്നും മറ്റൊരാൾക്ക് അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പ്രകടമാക്കാൻ എടുക്കുന്ന പരമാവധി സമയം) പിന്നിട്ടു കഴിഞ്ഞു. എങ്കിലും കോൾ സെന്ററും മറ്റ് സൗകര്യങ്ങളും കുറച്ച് നാൾ കൂടി തുടരേണ്ടി വരും.

കുറച്ച് ആഴ്ചകൾക്കുള്ളിൽ പൂർണമായ ശാരീരിക മാനസിക ആരോഗ്യത്തോടുകൂടി രോഗിക്ക് വീട്ടിലേക്ക് മടങ്ങാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു. പെരിന്തൽമണ്ണ ഇ എം എസ് സഹകരണ ആശുപത്രിയിലെ ഡോക്ടർ ജിതേഷ്, ഡോക്ടർ വിജയ്, ഡോക്ടർ മുജീബ് റഹ്‌മാൻ, ഡോക്ടർ ധരിത്രി (പൾമനോളജിസ്റ്റ്) എന്നിവർ ഉൾപ്പെടെയുള്ള മുഴുവൻ ക്രിട്ടിക്കൽ കെയർ ടീം അംഗങ്ങളുടെയും പരിചരണനത്തിലാണ് രോഗി ഇപ്പോൾ ഉള്ളത്. 

തീവ്ര രോഗാവസ്ഥയിലുള്ള രോഗിയെ മൊറ്റൊരിടത്തേക്ക് മാറ്റാതെ അവർ എവിടെയാണോ ഉള്ളത് അവിടെത്തന്നെ സംസ്ഥാന നിപ മെഡിക്കൽ ബോർഡിന്റെ നിർദ്ദേശാനുസരണം വിദഗ്ധ ചികിത്സ നൽകുക എന്നതാണ് നാം സ്വീകരിച്ച നയം. രോഗി അത്യാഹിത വിഭാഗത്തിൽ തുടരുമ്പോൾ ഡോക്ടർമാർ ക്വാറന്റൈനിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. എന്നാൽ സംസ്ഥാന മെഡിക്കൽ ബോർഡിന്റെ നിർദ്ദേശം അനുസരിച്ച്, അവരെ പൂർണമായ അണുബാധ നിയന്ത്രണ സംവിധാനങ്ങൾ പാലിച്ചുകൊണ്ട് രോഗിയെ ചികിത്സിക്കാൻ അനുവദിക്കുകയായിരുന്നു. പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ നിപ ബാധ ഉണ്ടായ നമ്മുടെ സഹോദരിയെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ അത്യാസന്ന വിഭാഗത്തിൽ നിന്നും മാറ്റാനും പിന്നീട് പതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരാനും നമുക്ക് ആകും. അങ്ങനെയെങ്കിൽ, ആദ്യ രോഗിയെ തന്നെ ചികിത്സിച്ച് രക്ഷപ്പെടുത്തുന്ന നമ്മുടെ രണ്ടാമത്തെ അനുഭവമായിരിക്കും അത്.

ആദ്യമായി കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്തപ്പോൾ രോഗത്തിന്റെ മരണനിരക്ക് 90 ശതമാനത്തിന് മുകളിൽ ആയിരുന്നു. ആഗോള തലത്തിൽ ഇത് ഇതേ ശതമാനത്തിൽ തുടർന്നു. എന്നാൽ കേരളത്തിൽ വ്യാപകമായി ആന്റിവൈറൽ മരുന്നുകളും മോണോക്ലോണൽ ആന്റി ബോഡി ചികിത്സയും നൽകിവരുന്ന 2021 മുതൽ നിപയുടെ മരണം നിരക്ക് കുറഞ്ഞ് വരികയാണ്. 2023ൽ ഇത് 33 ശതമാനമായി. എങ്കിലും ആദ്യ രോഗിയെ രക്ഷിച്ചെടുക്കുക എന്നത് ഇപ്പോഴും ഒരു അപൂർവതയാണ്.

പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ ടീമിന്റെ മെച്ചപ്പെട്ട ചികിത്സയോടൊപ്പം സംസ്ഥാന സർക്കാർ ഇടപെട്ട് റംഡിസിവീർ ഉൾപ്പെടെയുള്ള ആന്റിവൈറൽ മരുന്നുകളുടെ ചികിത്സയും ഐ സി എം ആർ നിന്നും വരുത്തിയ മോണോക്ലോണൽ ആന്റി ബോഡി ചികിത്സയും രോഗിക്ക് നൽകിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow