'സി ജോസഫ് വിജയ് എന്നും നാന്‍'; ആവേശക്കടലായി നെഹ്‌റു സ്റ്റേഡിയം, തമിഴ്‌നാടിന് ഇനി പുതിയ നായകന്‍
തമിഴ് മണ്ണിൽ ഒരു പുതിയ രാഷ്ട്രീയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് സിനിമയെ വെല്ലുന്ന സ്റ്റൈലിലായിരുന്നു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ആരാധകരെയും പ്രവർത്തകരെയും ആവേശത്തിലാഴ്ത്തി, പേപ്പറിൽ നോക്കാതെ ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചൊല്ലിയത്. കറുത്ത കോട്ടിട്ട്, തന്റെ തനതായ പുഞ്ചിരിയോടെ വേദിയിലെത്തിയ വിജയ്, "സി ജോസഫ് വിജയ് എന്നും നാൻ" എന്ന് ഉറച്ച ശബ്ദത്തിൽ തുടങ്ങിയപ്പോൾ സ്റ്റേഡിയം കരഘോഷങ്ങളാൽ പ്രകമ്പനം കൊണ്ടു. സത്യപ്രതിജ്ഞയുടെ അവസാന ഭാഗം മാത്രമാണ് അദ്ദേഹം പേപ്പർ നോക്കി വായിച്ചത്.
അധികാരമേറ്റ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത വിജയ്, ആവേശകരമായ പ്രസംഗമാണ് നടത്തിയത്. തമിഴ്‌നാട്ടിലെ എട്ട് കോടി ജനങ്ങളും എന്റേതാണെന്നും താൻ തെറ്റ് ചെയ്യില്ലെന്നും മറ്റാരെയും ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. "തെറ്റ് ചെയ്തവനെ വിടില്ല" എന്ന അദ്ദേഹത്തിന്റെ പഞ്ച് ഡയലോഗ് ആരാധകർ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. സംസ്ഥാനത്തിന്റെ ഖജനാവ് കാലിയാണെന്നും എന്നാൽ ജനങ്ങളുടെ ഒരു പൈസ പോലും താൻ തൊടില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. തന്നെ വഞ്ചിക്കില്ലെന്നും ഒപ്പം നിന്നവർക്കും സഖ്യകക്ഷികൾക്കും നന്ദിയുണ്ടെന്നും പറഞ്ഞ വിജയ്, തമിഴ്‌നാടിന്റെ പുരോഗതിക്കായി നമുക്ക് ഒരുമിച്ച് മുന്നേറാമെന്ന് ആഹ്വാനം ചെയ്തു. തമിഴ് രാഷ്ട്രീയം ഒരു വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ച ദിവസമായിരുന്നു ഇത്.
What's Your Reaction?