ചാലക്കുടിയിൽ വാഹനക്കുരുക്ക് മുറുകുന്നു; പഴയപാലം അടച്ചതോടെ ദേശീയപാതയിൽ കിലോമീറ്ററുകളോളം ഗതാഗതതടസ്സം

May 10, 2026 - 10:56
May 10, 2026 - 10:56
 0
ചാലക്കുടിയിൽ വാഹനക്കുരുക്ക് മുറുകുന്നു; പഴയപാലം അടച്ചതോടെ ദേശീയപാതയിൽ കിലോമീറ്ററുകളോളം ഗതാഗതതടസ്സം

ദേശീയപാത 544-ൽ ചാലക്കുടി പുഴയ്ക്ക് കുറുകെയുള്ള പഴയപാലം അറ്റകുറ്റപ്പണികൾക്കായി അടച്ചതോടെ യാത്രക്കാർ ദുരിതത്തിലായി. തൃശൂർ ദിശയിലേക്കുള്ള പഴയപാലം അടച്ചതിനെത്തുടർന്ന് ഇരുവശങ്ങളിൽ നിന്നുമുള്ള വാഹനങ്ങൾ പുതിയ പാലത്തിലൂടെ ഒറ്റവരിയായാണ് കടത്തിവിടുന്നത്. ഇതോടെ എറണാകുളം ഭാഗത്തുനിന്നുള്ള വാഹനനിര മുരിങ്ങൂർ ഡിവൈൻ നഗർ മേൽപാലം വരെയും, തൃശൂർ ഭാഗത്തുനിന്നുള്ള നിര ചാലക്കുടി മേൽപാലം പിന്നിട്ടും കിലോമീറ്ററുകളോളം നീണ്ടു. രാവിലെ 10 മണിക്ക് പാലം അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഒരു മണിക്കൂർ വൈകിയാണ് ഗതാഗതം നിയന്ത്രിച്ചു തുടങ്ങിയത്.

പാലത്തിന്റെ ബെയറിങ്ങുകൾ മാറ്റുന്ന സുപ്രധാന ജോലികളാണ് നിലവിൽ നടക്കുന്നത്. ആദ്യദിവസം നാല് ബെയറിങ്ങുകൾ വിജയകരമായി മാറ്റിയെന്നും ജോലികൾക്ക് ശേഷം വൈകുന്നേരം ആറുമണിയോടെ താൽക്കാലികമായി ഗതാഗതം പുനഃസ്ഥാപിച്ചതായും അധികൃതർ അറിയിച്ചു. ബെയറിങ് മാറ്റുന്ന ജോലികൾ പൂർത്തിയാക്കാൻ ഏകദേശം 20 ദിവസമെടുക്കുമെന്നാണ് കരുതുന്നത്. അതുവരെ നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് വരും ദിവസങ്ങളിലും യാത്രക്കാർക്ക് വെല്ലുവിളിയാകും. നേരത്തെ പാലത്തിന്റെ ബലപരിശോധനയും പ്രാഥമിക അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow