ഉയര്‍ന്ന ചൂട്: അടിയന്തിര സാഹചര്യം നേരിടുന്നതിന് തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍

വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേര്‍ന്നു

Mar 10, 2025 - 19:56
Mar 10, 2025 - 19:57
 0  4
ഉയര്‍ന്ന ചൂട്: അടിയന്തിര സാഹചര്യം നേരിടുന്നതിന് തയ്യാറാകണമെന്ന് ജില്ലാ കളക്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിന് സജ്ജമായിരിക്കണമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ചൂട് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ചൂട് ഉയരുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കൃത്യമായ വായുസഞ്ചാരമുള്ള സ്ഥലത്ത് കിടക്കകള്‍ ക്രമീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി. ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്ക് സജ്ജീകരിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പ്രത്യേകം തുക അനുവദിച്ചു. ഐസ് പാക്ക്‌സ്, എയര്‍ കൂളര്‍, ഗാര്‍ഡന്‍ സ്‌പ്രെയര്‍, കോൾഡ് ബ്ലാങ്കറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. 

ഫയര്‍ ആന്റ് റസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളിള്‍ ഉള്‍പ്പെടെ ഫയര്‍ ഓഡിറ്റ് നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ക്ക് ഓരോ വാര്‍ഡ് വീതം നല്‍കി ഫയര്‍ മോണിറ്ററിംഗ് നടത്തുന്ന സേഫ്റ്റി ബീറ്റ് പ്രവര്‍ത്തനവും പൊതുസ്ഥലങ്ങളിൽ ബോധവത്ക്കരണവും നടത്തുന്നുണ്ട്. പകല്‍ 11 മുതല്‍ 3വരെയുള്ള സമയം നേരിട്ട് ചൂടേല്‍ക്കുന്നത് അപകടമായതിനാല്‍ തൊഴിലാളികളുടെ ജോലിസമയം ക്രമീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. 

കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ടാങ്കറുകളില്‍ വെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. 

സബ് കളക്ടർ ആൽഫ്രഡ് ഒ.വി, ജില്ലാ ദുരന്ത നിവാരണ വിഭാ​ഗം ഡെപ്യൂട്ടി കളക്ടർ ജി.ശ്രീകുമാർ, വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ എന്നിവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow