പ്രൊഫ. എം.കെ. സാനു അന്തരിച്ചു 

കഴിഞ്ഞ 25 ന് വീട്ടിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Aug 2, 2025 - 19:46
Aug 2, 2025 - 19:46
 0  10
പ്രൊഫ. എം.കെ. സാനു അന്തരിച്ചു 

കൊച്ചി: മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും ചിന്തകനും സാഹിത്യവിമര്‍ശകനും അധ്യാപകനുമായ പ്രഫ. എം.കെ. സാനു (98) അന്തരിച്ചു. കഴിഞ്ഞ 25 ന് വീട്ടിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസമുണ്ടായിരുന്നതു മൂലം തീവ്രപരിചരണവിഭാഗത്തിൽനിന്നു മാറ്റിയിരുന്നില്ല. ഇന്ന് വൈകിട്ട് 5.35നായിരുന്നു അന്ത്യം. നാളെ രാവിലെ 10 മണിക്ക് എറണാകുളം ടൗൺ ഹാളിൽ ഭൗതികദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന്, വൈകിട്ട് അഞ്ച് മണിക്ക് രവിപുരം ശ്‌മശാനത്തിൽ സംസ്‌കാരം നടത്തും.

1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിൽ ജനിച്ചു. അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ. സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീർ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്. നാലു വർഷത്തോളം സ്കൂള്‍ അധ്യാപകനായി. പിന്നീട്, വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 

1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോൺഗ്രസ് നേതാവ് എ. എൽ.ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. 

വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരളസാഹിത്യഅക്കാദമി സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു. കർമഗതി എന്ന ആത്മകഥ എഴുതിയിട്ടുണ്ട്. സഹോദരന്‍ അയ്യപ്പന്‍റെ സഹോദരിയും പൊതുപ്രവര്‍ത്തകയുമായിരുന്ന തപസ്വിനി അമ്മയെക്കുറിച്ചുള്ള പുസ്തകമാണ് അവസാനം പ്രസിദ്ധീകരിച്ചത്.  

പ്രധാന കൃതികൾ: ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക്: ആശാന്‍ പഠനത്തിന് ഒരു മുഖവുര, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍, എം. ഗോവിന്ദന്‍, യുക്തിവാദി എം.സി. ജോസഫ്, ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍, അസ്തമിക്കാത്ത വെളിച്ചം, ഉറങ്ങാത്ത മനീഷി, കര്‍മഗതി, മൃത്യുഞ്ജയം കാവ്യജീവിതം, ഇരുളും വെളിച്ചവും, രാജവീഥി, ചുമരിലെ ചിത്രങ്ങള്‍, പ്രഭാതദര്‍ശനം, അവധാരണം, താഴ്‌വരയിലെ സന്ധ്യ, സഹോദരന്‍ കെ. അയ്യപ്പന്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow