'പൊന്മുട്ടയിടുന്ന താറാവ്' ചർച്ചയാകുന്നു; യഥാർത്ഥ ചതിയൻ ആര്? തട്ടാൻ ഭാസ്കരനോ, സ്നേഹലതയോ അതോ പവിത്രനോ? 

സിനിമാ ഗ്രൂപ്പുകളിൽ സജീവമായ ചർച്ചയ്ക്ക് തുടക്കമിട്ടത് ജോസഫ് ജിജോ ജോർജ് എന്നയാളിന്റെ പോസ്റ്റാണ്

Mar 30, 2026 - 21:54
Mar 30, 2026 - 21:54
 0
'പൊന്മുട്ടയിടുന്ന താറാവ്' ചർച്ചയാകുന്നു; യഥാർത്ഥ ചതിയൻ ആര്? തട്ടാൻ ഭാസ്കരനോ, സ്നേഹലതയോ അതോ പവിത്രനോ? 

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1988-ൽ പുറത്തിറങ്ങിയ 'പൊന്മുട്ടയിടുന്ന താറാവ്' എന്ന ക്ലാസിക് സിനിമയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ രസകരമായ ചർച്ചകൾ കൊഴുക്കുന്നു. റിലീസ് ചെയ്ത് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും, ചിത്രത്തിലെ കഥാപാത്രങ്ങളിൽ ആരാണ് യഥാർത്ഥ 'ചതിയൻ' എന്ന കാര്യത്തിലാണ് സിനിമാസ്വാദകർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നത്.

സിനിമാ ഗ്രൂപ്പുകളിൽ സജീവമായ ചർച്ചയ്ക്ക് തുടക്കമിട്ടത് ജോസഫ് ജിജോ ജോർജ് എന്നയാളിന്റെ പോസ്റ്റാണ്. സ്നേഹലതയെ വിവാഹം കഴിക്കാൻ പത്ത് പവൻ സ്വർണ്ണമാലയ്ക്ക് പകരം 'മുക്കുപണ്ടം' നൽകിയ ഭാസ്കരനാണോ, അതോ ഗൾഫുകാരൻ വന്നപ്പോൾ ഭാസ്കരനെ ഉപേക്ഷിച്ച സ്നേഹലതയാണോ ചതിയെന്ന ചോദ്യമാണ് ചർച്ചകൾക്ക് ആധാരം.

ഭാസ്കരനും മകളും തമ്മിലുള്ള പ്രണയം അറിഞ്ഞിട്ടും പത്ത് പവന്റെ മാല കൈക്കലാക്കിയ ശേഷം മകളെ മറ്റൊരാൾക്ക് വിവാഹം കഴിച്ചു നൽകാൻ പദ്ധതിയിട്ട പണിക്കരാണ് യഥാർത്ഥ വില്ലനെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഗൾഫിലെ ജോലി പോയ വിവരം മറച്ചുവെച്ച്, സ്നേഹലതയെയും ഗൾഫിലേക്ക് കൊണ്ടുപോകാമെന്ന് വിശ്വസിപ്പിച്ച് വൻ തുക സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച പവിത്രനും (ജയറാം) ചതിയനാണെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

സ്നേഹലത തന്നെ ചതിക്കുമോ എന്ന സംശയത്താലാണ് ഭാസ്കരൻ ചെമ്പ് മാല നൽകിയത്. അവൾ തന്നെ വിവാഹം കഴിച്ചിരുന്നെങ്കിൽ അത് സ്വർണ്ണമാക്കി മാറ്റിക്കൊടുക്കാൻ ഭാസ്കരൻ തയ്യാറാകുമായിരുന്നു എന്നും, അതുകൊണ്ട് ഭാസ്കരൻ നിഷ്കളങ്കനാണെന്നും ആരാധകർ പറയുന്നു. ഭാര്യയുടെ മുൻകാമുകൻ നൽകിയ മാല മുക്കുപണ്ടമാണെന്ന് അറിഞ്ഞപ്പോൾ അത് ചോദിക്കാൻ തട്ടാന്റെ അടുത്തേക്ക് പോയ പവിത്രന്റെ 'അന്തസ്സില്ലായ്മ'യും ചർച്ചകളിൽ വിമർശിക്കപ്പെടുന്നുണ്ട്.

സിനിമയുടെ ആക്ഷേപഹാസ്യ സ്വഭാവം അനുസരിച്ച് എല്ലാ കഥാപാത്രങ്ങളും അവരവരുടെ രീതിയിൽ അത്യാഗ്രഹികളും ചതിയന്മാരുമാണ്. മറ്റുള്ളവരുടെ അത്യാഗ്രഹത്തിന് ഭാസ്കരൻ നൽകിയ 'എട്ടിന്റെ പണിയായിരുന്നു' ആ ചെമ്പ് മാലയെന്നും, സിനിമയുടെ അവസാനം എല്ലാവരും ഒരുപോലെ ചതിക്കപ്പെടുന്നിടത്താണ് ശ്രീനിവാസന്റെ തിരക്കഥയുടെ മിടുക്ക് ഇരിക്കുന്നതെന്നും സിനിമാ പ്രേമികൾ വിലയിരുത്തുന്നു. സുന്ദരിയായ ഭാര്യയെ പുറംലോകം കാണിക്കാതെ വീട്ടിനുള്ളിൽ താമസിപ്പിച്ച ഹാജിയാരും തന്റെ രീതിയിൽ നാട്ടുകാരെ പറ്റിച്ചിട്ടുണ്ടെന്ന് ചിലർ തമാശയായി കുറിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow