ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരുന്ന് മാറി നൽകിയെന്ന് മകൾ
വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് മരിച്ചത്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചികിത്സാപിഴവിനെ തുടർന്ന് മധ്യവയസ്‌ക മരിച്ചതായി പരാതി. നെയ്യാറ്റിൻകര ആലുംമൂട് സ്വദേശിനിയായ കുമാരി (56) ആണ് വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. കുമാരിയുടെ കുടുംബം കാരക്കോണം മെഡിക്കൽ കോളേജിനെതിരെ പരാതി നൽകി.
വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി വ്യാഴാഴ്ചയാണ് കുമാരിയെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. ഇന്നലെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഇതിനു പിന്നാലെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്.
ശസ്ത്രക്രിയക്കിടെ മരുന്ന് മാറി കുത്തിവെച്ചതാണ് മരണകാരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കുടുംബത്തിൻ്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ശസ്ത്രക്രിയയ്ക്കിടെ പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായതെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
സംഭവത്തിൽ കുടുംബം വെള്ളറട പോലീസിന് പരാതി നൽകി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
What's Your Reaction?






