വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരണം: സംസ്ഥാനത്ത് രോഗബാധയെക്കുറിച്ചുള്ള ആശങ്ക വർധിക്കുന്നു
ഈ വർഷം ആകെ മരണം 32 ആയി ഉയർന്നു
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം (Amoebic Meningoencephalitis) ബാധിച്ച് മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65 വയസ്സുകാരനാണ് മരിച്ചത്. ഇതോടെ ഈ മാസം മാത്രം രോഗബാധയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി. ഈ വർഷം ആകെ മരണം 32 ആയി ഉയർന്നു.
രോഗം എങ്ങനെയാണ് പടരുന്നത് എന്നതുൾപ്പെടെയുള്ള വിശദമായ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് വീണ്ടും ഒരു മരണം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് രണ്ട് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് സാധാരണയായി അമീബയുടെ സാന്നിധ്യമുണ്ടാകുക. വേനൽക്കാലത്ത് വെള്ളത്തിൻ്റെ അളവ് കുറയുമ്പോൾ അമീബയുടെ എണ്ണം വർദ്ധിക്കും. ജലാശയങ്ങളിൽ മുങ്ങുമ്പോൾ, വെള്ളം മൂക്കിലൂടെ പ്രവേശിച്ച് തലച്ചോറിൽ എത്തുമ്പോഴാണ് രോഗബാധയുണ്ടാകുന്നത്.
അമീബയുള്ള വെള്ളം കുടിച്ചാൽ സാധാരണയായി മസ്തിഷ്‌കജ്വരം ഉണ്ടാകാറില്ല. ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. അമീബയുടെ സാന്നിധ്യമുള്ള വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ 26 ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് രോഗം വരാൻ സാധ്യതയുള്ളത്. എന്നാൽ, രോഗം ബാധിച്ചവരിൽ 97 ശതമാനത്തിലധികമാണ് മരണനിരക്ക്, എന്നുള്ളത് ഈ രോഗത്തിൻ്റെ ഏറ്റവും വലിയ വെല്ലുവിളിയാണ്.
What's Your Reaction?

