സതീശന്റെ നിയമനം: കോൺഗ്രസിനും ലീഗിനുമെതിരെ സുകുമാരൻ നായർ; ചെന്നിത്തലയായിരുന്നു യോഗ്യനെന്ന് എൻഎസ്എസ്
കോട്ടയം∙ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത കോൺഗ്രസ് തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്തെത്തി. ജനാധിപത്യ രീതികളോ നിലവിലുള്ള കീഴ്വഴക്കങ്ങളോ പാലിക്കാതെയാണ് ഈ പ്രഖ്യാപനമെന്നും ഇതിന് പിന്നിൽ മുസ്ലിം ലീഗിന്റെ അനാവശ്യ സമ്മർദമുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ നിർണായക ശക്തിയായി ലീഗ് മാറിയത് ശരിയായ നടപടിയല്ലെന്നും മന്ത്രിസഭാ രൂപീകരണത്തിലും ഈ സ്വാധീനം തുടരുമെന്ന് ആശങ്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും യോഗ്യനെന്ന് വ്യക്തമാക്കിയ സുകുമാരൻ നായർ, മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ ചെന്നിത്തലയെ തഴഞ്ഞത് അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. ജനങ്ങൾ ആഗ്രഹിച്ചു എന്ന വാദം തള്ളിക്കളഞ്ഞ അദ്ദേഹം, ഇത്തരം കീഴ്വഴക്കങ്ങൾ ലംഘിക്കുന്നതിൽ കോൺഗ്രസിന് വീഴ്ച പറ്റിയെന്നും ഇടതുപക്ഷം ഇക്കാര്യത്തിൽ കൃത്യമായ രീതി പിന്തുടരുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു.
What's Your Reaction?