ഓപ്പറേഷൻ തൂഫാനിൽ പങ്കാളിയായി മോഹൻലാൽ; ‘തൂഫാൻ വാറിയർ’ ബാഡ്ജ് കൈമാറി രമേശ് ചെന്നിത്തല

Jun 17, 2026 - 21:48
Jun 17, 2026 - 21:48
 0
ഓപ്പറേഷൻ തൂഫാനിൽ പങ്കാളിയായി മോഹൻലാൽ; ‘തൂഫാൻ വാറിയർ’ ബാഡ്ജ് കൈമാറി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കാൻ കേരള പൊലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മോഹൻലാലിന് ‘തൂഫാൻ വാറിയർ’ ബാഡ്ജ് കൈമാറി. ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായ ഉത്തരമേഖലാ ഐജി പുട്ട വിമലാദിത്യയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

തങ്ങൾ ഏറെക്കാലമായി ആഗ്രഹിച്ച കാര്യമാണ് ഇതെന്ന് പറഞ്ഞ മോഹൻലാൽ, തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ലഹരിവിരുദ്ധ രംഗത്ത് നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രിയെ ധരിപ്പിച്ചു. അനേകം കുടുംബങ്ങളെയും യുവജനങ്ങളെയും വിദ്യാർഥികളെയും ലഹരിയുടെ അപകടവലയത്തിൽ നിന്ന് രക്ഷപ്പെടുത്താൻ ഈ ദൗത്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിശ്വശാന്തി ഫൗണ്ടേഷൻ രൂപകൽപ്പന ചെയ്ത ‘സേ നോ ടു ഡ്രഗ്സ്’ പദ്ധതിയുടെ രൂപരേഖയും മോഹൻലാൽ ആഭ്യന്തരമന്ത്രിക്ക് കൈമാറി. ലഹരി വിമുക്തിയും പുനരധിവാസവും ലക്ഷ്യമിട്ട് ഫൗണ്ടേഷൻ നിരവധി ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും, ലഹരിവിരുദ്ധ പോരാട്ടങ്ങൾക്ക് തുടർന്നും പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹൻലാലിനെ പോലെ ജനപ്രീതിയുള്ള ഒരു താരം ദൗത്യത്തിന് പിന്തുണ നൽകുന്നത് ഓപ്പറേഷൻ തൂഫാനിന് പുതിയ ഊർജം പകരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ കൂടുതൽ ശക്തമായും വ്യാപകമായും ദൗത്യം മുന്നോട്ടുകൊണ്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow