തെരുവ്നായ പിന്നാലെ ഓടി; നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം
തൃശൂർ: തെരുവുനായ പിന്തുടർന്നതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ വയോധിക മരിച്ചു. തൃശൂർ മുറ്റിച്ചൂർ സ്വദേശിനിയായ 75കാരി സുഹ്റയാണ് മരിച്ചത്. മുറ്റിച്ചൂർ പാലത്തിന് സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
ബന്ധുവിനൊപ്പം സ്കൂട്ടറിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് തെരുവുനായകൾ വാഹനത്തിന് പിന്നാലെ ഓടിയെത്തിയത്. നായകൾ പിന്തുടരുന്നത് കണ്ട് ഭയന്ന ബന്ധു സ്കൂട്ടറിന്റെ വേഗത കൂട്ടിയതോടെ വാഹനം നിയന്ത്രണം വിട്ടു. ഇതോടെ സുഹ്റ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഹ്റയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, പാലക്കാട് ഷൊർണൂരിൽ മൂന്നുപേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മലമ്പുഴയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്. ശശികല, മണികണ്ഠൻ, കൃഷ്ണരാജ് എന്നിവർക്കാണ് നായയുടെ കടിയേറ്റത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഷൊർണൂർ മുതലിയാർ തെരുവിലായിരുന്നു സംഭവം. പിന്നീട് ഈ നായയെ ചത്ത നിലയിൽ കണ്ടെത്തി.
What's Your Reaction?



