തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന കേരളത്തില്‍ വോട്ടർ പട്ടിക പരിഷ്കരണം അസാധ്യമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിരുന്നു. എന്നാൽ എസ്‌ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നിലവിലുള്ള വോട്ടര്‍ പട്ടികയ്ക്കു പകരം 2002 – 2004 ഘട്ടത്തിലെ പട്ടികയുടെ അടിസ്ഥാനത്തിലാണ് തീവ്രപരിഷ്‌കരണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യറാകുന്നത്. ബിഹാർ എസ്‌ഐആറിൻറെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയിലിരിയാണ്. ഇതിനിടെ ഇതേ പ്രക്രിയ മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനെ നിഷ്‌കളങ്കമായി കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
1950ലെ ജനപ്രാതിനിധ്യ നിയമവും 1960ലെ വോട്ടര്‍ രജിസ്ട്രേഷന്‍ ചട്ടവും പ്രകാരം നിലവിലുള്ള പട്ടിക അടിസ്ഥാനമാക്കിയാണ് വോട്ടര്‍പട്ടിക പുതുക്കേണ്ടത്.ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണ് എസ് ഐ ആര്‍ പ്രക്രിയ വഴി ഉദ്ദേശിക്കുന്നത് എന്ന ആശങ്ക കൂടുതല്‍ ശക്തമാവുകയാണിവിടെ. തങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ വോട്ടര്‍പട്ടിക പുതുക്കാനുള്ള നീക്കമാണ് എസ് ഐ ആറിലൂടെ കേന്ദ്ര ഭരണാധികാരികള്‍ നടത്തുന്നത് എന്ന വിമര്‍ശനം ഒരുതരത്തിലും നിഷേധിക്കപ്പെട്ടിട്ടില്ല എന്നതു കൂടി ഇവിടെ പ്രസക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.