നഴ്‌സുമാരുടെ ശമ്പളം 40,000 രൂപയാക്കണം; സ്വകാര്യ ആശുപത്രികളിൽ പണിമുടക്ക് തുടങ്ങി
എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ പ്രധാന സ്വകാര്യ ആശുപത്രികളെയാണ് സമരം കാര്യമായി ബാധിച്ചിരിക്കുന്നത്
തൃശൂർ: മിനിമം വേതനം 40,000 രൂപയാക്കി വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തിലാണ് സമരം നടക്കുന്നത്. മാനേജ്‌മെന്റുകളുമായി വേതന വർദ്ധനവിൽ ധാരണയിലെത്താത്ത ആശുപത്രികളിലാണ് പണിമുടക്ക് ശക്തമായി തുടരുന്നത്.
എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ പ്രധാന സ്വകാര്യ ആശുപത്രികളെയാണ് സമരം കാര്യമായി ബാധിച്ചിരിക്കുന്നത്. എന്നാൽ, നഴ്‌സുമാരുടെ ആവശ്യം അംഗീകരിച്ച് കരാർ ഒപ്പിട്ട ഇരുന്നൂറോളം ആശുപത്രികളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശമ്പള വർദ്ധനവ് അംഗീകരിക്കാത്ത മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള ആശുപത്രികളിൽ ഐസിയു, കാഷ്വാലിറ്റി ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നഴ്‌സുമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. സർക്കാർ പുറത്തിറക്കിയ മിനിമം വേതന കരട് വിജ്ഞാപനം യുഎൻഎ തള്ളിയിരുന്നു.
തൃശൂരിലെ ദയ ഹോസ്പിറ്റൽ, സൺ മെഡിക്കൽ ഹോസ്പിറ്റൽ, മദർ ഹോസ്പിറ്റൽ, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (KIMS) ഗ്രൂപ്പ് എന്നിവിടങ്ങളിൽ മാനേജ്‌മെന്റുകൾ നഴ്‌സുമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം പിൻവലിച്ചു. ഇവിടെ ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു. അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് ഇന്ത്യയും (AHPI) യുഎൻഎയുമായി നടത്തിയ ചർച്ചയിലാണ് ചിലയിടങ്ങളിൽ സമവായമുണ്ടായത്. ശമ്പള വർദ്ധനവിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടിലാണ് നഴ്‌സുമാരുടെ സംഘടന. ഒത്തുതീർപ്പിന് തയ്യാറാകാത്ത മറ്റ് മാനേജ്‌മെന്റുകളുമായി വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടന്നേക്കും.
What's Your Reaction?