'കേരളത്തിന്‍റേത് തന്ത്രപരമായ നീക്കം', പാഠ്യപദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ 

സി.പി.ഐയുടെ ശക്തമായ എതിർപ്പ് മറികടന്ന് സംസ്ഥാനം ധാരണാപത്രത്തിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മന്ത്രിയുടെ വിശദീകരണം

Oct 24, 2025 - 19:06
Oct 24, 2025 - 19:06
 0
'കേരളത്തിന്‍റേത് തന്ത്രപരമായ നീക്കം', പാഠ്യപദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ 

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി) ഭാഗമായുള്ള പി.എം. ശ്രീ പദ്ധതിയിൽ കേരളം പങ്കാളിയാകാൻ തീരുമാനിച്ചത് തന്ത്രപരമായ നീക്കമാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. സി.പി.ഐയുടെ ശക്തമായ എതിർപ്പ് മറികടന്ന് സംസ്ഥാനം ധാരണാപത്രത്തിൽ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് മന്ത്രിയുടെ വിശദീകരണം.

"നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണിത്," മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലിനെ ബാധിക്കുന്ന വിഷയമാണിത്. കുട്ടികളുടെ ഭാവി പന്താടിക്കൊണ്ട് ഒരു രാഷ്ട്രീയ സമ്മർദ്ദത്തിനും വഴങ്ങാൻ സർക്കാർ തയ്യാറല്ല. ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ ഔദാര്യമല്ല, മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതി വിഹിതത്തിൽ നിന്നുള്ളതും നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ടതുമായ പണമാണ് ഇതിലൂടെ ലഭ്യമാകുന്നതെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. "കുട്ടികൾക്ക് അർഹതപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാൻ അനുവദിക്കില്ല. പി.എം. ശ്രീയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ സമഗ്ര ശിക്ഷാ അഭിയാൻ (എസ്.എസ്.എ.) ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു.

2023-24 വർഷം കേരളത്തിന് 188.58 കോടി രൂപ നഷ്ടമായി. 2024-25 വർഷത്തെ കുടിശ്ശിക 513.54 കോടി രൂപയാണ്. 2025-26 വർഷം ലഭിക്കേണ്ട 456.1 കോടി രൂപ തടഞ്ഞുവെച്ചു. ആകെ 1158.13 കോടി രൂപ ഇതിനകം നഷ്ടമായി. ഇപ്പോൾ പി.എം. ശ്രീയിൽ ഒപ്പിടുന്നതിലൂടെ എസ്.എസ്.എ. കുടിശ്ശികയും പി.എം. ശ്രീ ഫണ്ടും ഉൾപ്പെടെ 1476.13 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭ്യമാകാൻ പോകുന്നത്. നിലവിൽ കേന്ദ്രം നൽകാൻ ധാരണയായിട്ടുള്ളത് 971 കോടി രൂപയാണ്," മന്ത്രി വിശദീകരിച്ചു.

പി.എം. ശ്രീയിൽ ഒപ്പിട്ടതുകൊണ്ട് കേരളം ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) പൂർണ്ണമായി അംഗീകരിച്ചു എന്ന വാദം സാങ്കേതികം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. സമഗ്ര ശിക്ഷാ പദ്ധതി നടപ്പാക്കാനുള്ള ഉപാധിയായി എൻ.ഇ.പി. കേന്ദ്രം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ, സംസ്ഥാന താത്പര്യങ്ങൾക്കും വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസൃതമായിട്ടാണ് ഇപ്പോഴും പദ്ധതി നടപ്പാക്കുന്നത്. പല കാര്യങ്ങളിലും എൻ.ഇ.പി.യെക്കാൾ കേരളം ബഹുദൂരം മുന്നിലാണ്. പലതും വർഷങ്ങൾക്ക് മുമ്പേ നടപ്പാക്കിയതാണ്.

പാഠ്യപദ്ധതിയുടെ വർഗീയവത്കരണത്തിന് കേരളം നിന്നുകൊടുത്തിട്ടില്ലെന്ന് ആരോപണങ്ങൾക്ക് മറുപടിയായി മന്ത്രി പറഞ്ഞു. "കേരളത്തിൻ്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരള സർക്കാരാണ്. എൻ.ഇ.പി.യുടെ പേജ് 17-ലെ സെക്ഷൻ നാലിൽ മുപ്പത്തിരണ്ടിൽ പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സർക്കാരുകൾക്കാണെന്ന് വ്യക്തമായി പറയുന്നുണ്ട്."

എൻ.ഇ.പി. വന്നതിന് ശേഷം 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാ മൂല്യങ്ങൾ എന്നിവയിൽ ഊന്നിയ പാഠ്യപദ്ധതിയാണ് നാം നടപ്പിലാക്കിയത്. എൻ.സി.ഇ.ആർ.ടി. വെട്ടിമാറ്റിയ ഗാന്ധി വധവും മുഗൾ ചരിത്രവും അടക്കമുള്ള പാഠഭാഗങ്ങൾ അഡീഷണൽ പാഠപുസ്തകങ്ങളാക്കി കുട്ടികളെ പഠിപ്പിക്കുകയും അതിൽ പരീക്ഷ നടത്തുകയും ചെയ്ത സംസ്ഥാനമാണ് കേരളം. ഇതേ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തന്നെയായിരിക്കും കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും തുടർന്നും പഠിപ്പിക്കാൻ പോകുന്നത്. അതിൽ ഒരു മാറ്റവും ഉണ്ടാകില്ല.

"ഫെഡറൽ തത്വങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ തീരുമാനം," ശിവൻകുട്ടി കൂട്ടിച്ചേർത്തു. എൻ.സി.ഇ.ആർ.ടി. ജനറൽ ബോഡി യോഗത്തിൽ 20 സംസ്ഥാനങ്ങളിലെ മന്ത്രിമാർ ഉണ്ടായിരുന്നിട്ടും, കേന്ദ്രത്തിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ സംസാരിച്ചത് കേരളത്തിൻ്റെ വിദ്യാഭ്യാസമന്ത്രി മാത്രമാണ്. സർക്കാർ സ്ഥാപനങ്ങളെയും പൊതു ഇടങ്ങളെയും വർഗീയവൽക്കരിക്കാനുള്ള രാജ്ഭവൻ്റെ നീക്കത്തെ എതിർക്കുകയും ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്ത ഏക വിദ്യാഭ്യാസമന്ത്രിയും കേരളത്തിൻ്റേതാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ഗവർണറുടെ അധികാരങ്ങളെക്കുറിച്ചും നമ്മുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തി ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ധൈര്യം കാണിച്ച സംസ്ഥാനമാണ് നമ്മുടേതെന്നും മന്ത്രി വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow