ഓണക്കാലത്ത് മുഴുവന്‍ കാര്‍ഡുടമകള്‍ക്കും മാവേലി സ്റ്റോര്‍ വഴി 25 രൂപക്ക് 20 കിലോ അരി: മന്ത്രി ജി.ആര്‍. അനില്‍
നിലവില്‍ ലഭിക്കുന്ന എട്ട് കിലോ അരിക്ക് പുറമെയാണിത്

കോഴിക്കോട്: മുന്‍പ് സാധ്യമാകാത്ത പദ്ധതികള്‍ സര്‍ക്കാര്‍ ഈ ഓണക്കാലത്ത് സാധ്യമാക്കുമെന്നും ന്യായവിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റില്‍ വട്ടോളി മാവേലി സ്റ്റോര്‍ മാവേലി സൂപ്പര്‍ സ്റ്റോര്‍ ആക്കി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
മുഴുവന്‍ കാര്‍ഡുടമകള്‍ക്കും ഈ ഓണക്കാലത്ത് മാവേലി സ്റ്റോറുകളിലൂടെ 25 രൂപക്ക് 20 കിലോ അരി ലഭിക്കും. നിലവില്‍ ലഭിക്കുന്ന എട്ട് കിലോ അരിക്ക് പുറമെയാണിത്. വെള്ള കാര്‍ഡുടമകള്‍ക്ക് 15 കിലോ അരി റേഷന്‍ കടകളിലൂടെയും ലഭിക്കുമ്പോള്‍ മൊത്തം 43 കിലോയാകും. റേഷന്‍ കടകളില്‍നിന്ന്, നീല കാര്‍ഡുടമകള്‍ക്ക് നിലവില്‍ ലഭിക്കുന്ന അരിക്ക് പുറമെ 10 കിലോ, ചുവപ്പ് കാർഡുകൾക്ക് ഓരോരുത്തർക്ക് ലഭിക്കുന്ന അഞ്ച് കിലോ അരിക്ക് പുറമെ കാര്‍ഡിന് അഞ്ച് കിലോ അരിയും അധികമായി ലഭിക്കും, മന്ത്രി പറഞ്ഞു.
ഓണം പ്രമാണിച്ച് മുളക് ഒരു കിലോ 115.50 രൂപക്ക് സബ്സിഡിയോടെ എല്ലാ കാര്‍ഡുടമകള്‍ക്കും ലഭ്യമാക്കും. 349 രൂപക്ക് ലഭ്യമാക്കാന്‍ തീരുമാനിച്ച സബ്സിഡി വെളിച്ചെണ്ണയുടെ വില ഈ മാസം അവസാനത്തോടെ വീണ്ടും കുറക്കും. ആഗസ്റ്റ് 25 മുതല്‍ സപ്ലൈകോ മൊബൈല്‍ വണ്ടികള്‍ സാധങ്ങളുമായി മണ്ഡലങ്ങളിലൂടെ യാത്ര ചെയ്യും. കഴിഞ്ഞ മാസം 31 ലക്ഷം കുടുംബങ്ങള്‍ 168 കോടി രൂപയുടെ പലവ്യഞ്ജന സാധനങ്ങള്‍ മാവേലി സ്റ്റോറുകളിലൂടെ വാങ്ങിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
What's Your Reaction?






