യു.ഡി.എഫ്. അവിശ്വാസപ്രമേയം പാസായി; കൂത്താട്ടുകുളത്ത് എല്‍.ഡി.എഫിന് ഭരണം നഷ്ടമായി
സി.പി.എം. വിമത കലാ രാജുവും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ അവിശ്വാസപ്രമേയം പാസാകുകയായിരുന്നു

കോട്ടയം: കൂത്താട്ടുകുളത്ത് യു.ഡി.എഫ്. അവിശ്വാസപ്രമേയം പാസായി. ഇതോടെ, നഗരസഭയില്‍ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. സി.പി.എം. വിമത കലാ രാജുവും സ്വതന്ത്ര അംഗവും പിന്തുണച്ചതോടെ അവിശ്വാസപ്രമേയം പാസാകുകയായിരുന്നു. ചെയർപേഴ്സണെതിരായ അവിശ്വാസമാണ് പാസായത്. വൈസ് ചെയർമാനെതിരായ അവിശ്വാസപ്രമേയം ഉച്ചയ്ക്ക് ശേഷം ചർച്ചയ്ക്കെടുക്കും.
മുന്‍പ് എൽ.ഡി.എഫ്. ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുക്കാനിരിക്കെ സി.പി.എം. കൗൺസിലർ കലാ രാജുവിനെ സി.പി.എം. പ്രവർത്തകർ തട്ടിക്കൊണ്ട് പോകുകയും സ്ത്രീയാണെന്ന പരിഗണന പോലും തരാതെ വസ്ത്രം പിടിച്ച് വലിക്കുകയും ബലമായി പിടിച്ച് വണ്ടിയിൽ കയറ്റിക്കൊണ്ടുപോകുകയും ചെയ്തതായി ആരോപണം ഉയർന്നിരുന്നു.
പാർട്ടി ചിഹ്നത്തിൽ മത്സരിച്ച ഒരു സ്ത്രീയോട് പാർട്ടി ഇങ്ങനെയാണ് ചെയ്യുന്നതെങ്കിൽ ഇതാണ് തന്റെ പ്രതികരണമെന്നും മനസാക്ഷിക്ക് യോജിച്ച പോലെയാണ് അവിശ്വാസത്തെ പിന്തുണച്ചതെന്നും കലാ രാജു പറഞ്ഞു. സി.പി.എം. ജനാധിപത്യത്തെ കശാപ്പ് ചെയ്തു. ഇനി ഒരു സ്ത്രീക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. സി.പി.എം. ചോദിച്ചുമേടിച്ച പരാജയമാണ്. താൻ പ്രവർത്തിച്ച പാർട്ടിയാണ് തന്നെ ചതിച്ചത്. വിപ്പ് ലഭിച്ചിട്ടില്ല. അയോഗ്യത നടപടികളെ നേരിടാൻ തയ്യാറാണ്. ഇനി യു.ഡി.എഫിനൊപ്പമായിരിക്കും പ്രവർത്തനമെന്നും കലാ രാജു വ്യക്തമാക്കി.
What's Your Reaction?






