ആരോഗ്യം മെച്ചപ്പെടുത്തണോ, 'മൈക്രോവോക്ക്' മികച്ചൊരു മാര്‍ഗം
ദീര്‍ഘമായ വര്‍ക്കൗട്ടുകള്‍ക്ക് പകരമാക്കാനാവില്ലെങ്കിലും തിരക്കുള്ള ആളുകള്‍ക്ക് മാനസികവും ശാരീരികവുമായി മെച്ചപ്പെട്ട ആരോഗ്യം ലഭിക്കാന്‍ മൈക്രോവോക്ക്‌സ് സഹായിക്കും

ആരോഗ്യം മെച്ചപ്പെടുത്താനുള്ള മികച്ച ഒരു മാര്‍ഗമാണ് മൈക്രോവോക്ക് അതായത്, ചെറുനടത്തം. പേരു സൂചിപ്പിക്കുന്നതുപോലെ വെറും മൂന്ന് മുതല്‍ എട്ട് മിനിറ്റ് വരെ നീളുന്ന ചെറുനടത്തമാണ് മൈക്രോ വോക്ക്‌സ്. ചടഞ്ഞുകൂടിയിരുന്ന്, പ്രത്യേകിച്ച് സ്‌ക്രീനുകള്‍ക്കു മുന്നിലും ലാപ്‌ടോപ്പിനും ഡെസ്‌ക്ക്‌ടോപ്പിനും മുന്നിലും ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ചെറിയ ഇടവേളകളെടുത്ത് ചെറുനടത്തം ആവാം. ദീര്‍ഘമായ വര്‍ക്കൗട്ടുകള്‍ക്ക് പകരമാക്കാനാവില്ലെങ്കിലും തിരക്കുള്ള ആളുകള്‍ക്ക് മാനസികവും ശാരീരികവുമായി മെച്ചപ്പെട്ട ആരോഗ്യം ലഭിക്കാന്‍ മൈക്രോവോക്ക്‌സ് സഹായിക്കും.
യൂണിവേഴ്‌സിറ്റി ഓഫ് മിലന്‍ നടത്തിയ ഒരു പഠനമനുസരിച്ച്, ചെറുനടത്തങ്ങള്‍ ശീലമാക്കുന്നവരില്‍ 60 ശതമാനത്തോളം ഊര്‍ജം ലഭിക്കുന്നതായി കണ്ടു. ഇതേദൂരം ഒറ്റയടിക്ക് നടക്കുന്നതിനെക്കാള്‍ കൂടുതലാണിത്. ഊര്‍ജമേകുന്നതോടൊപ്പം കൂടുതല്‍ കാലറി ബേണ്‍ ചെയ്യാനും ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാനും മൈക്രോ വോക്ക്‌സ് സഹായിക്കും. രക്തചംക്രമണം നിയന്ത്രിക്കാനും ഇന്‍സുലിന്റെ അളവ് കൂടുന്നത് നിയന്ത്രിക്കാനും ഏറെ നേരം ഒരേ ഇരിപ്പ് ഇരിക്കുന്ന ശീലം ഇല്ലാതാക്കാനും മൈക്രോവോക്ക്‌സ് സഹായിക്കും.
ഏതാനും മിനിറ്റ് മാത്രമുള്ള ചലനം എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളെ പുറന്തള്ളുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നതോടൊപ്പം ക്രിയേറ്റിവിറ്റി മെച്ചപ്പെടുത്താനും സമ്മര്‍ദം അഥവാ സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസം മുഴുവന്‍ മൈക്രോ നടത്തങ്ങള്‍ ശീലമാക്കാം തിരക്കുകള്‍ക്കിടയിലും മൈക്രോ ഇടവേളകളെടുത്ത് നടത്തം ശീലമാക്കാം. ഭക്ഷണം കഴിച്ച ശേഷം ചെറിയ നടത്തം ആവാം. ഇത് ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം ഒരു ദിവസത്തെ സ്റ്റെപ്പ് കൗണ്ട് പൂര്‍ത്തിയാക്കാനും സഹായിക്കും.
What's Your Reaction?






