വോട്ടെണ്ണൽ ഇന്ന്, രാവിലെ എട്ടിനു ആരംഭിക്കും; ആകാംക്ഷയിൽ രാഷ്ട്രീയ കേരളം

വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും

Dec 13, 2025 - 07:40
Dec 13, 2025 - 07:40
 0
വോട്ടെണ്ണൽ ഇന്ന്, രാവിലെ എട്ടിനു ആരംഭിക്കും; ആകാംക്ഷയിൽ രാഷ്ട്രീയ കേരളം

തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് (ഡിസംബർ 13) സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ നടക്കും. ഇതു കൂടാതെ 14 ജില്ലാ പഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ അതത് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലും എണ്ണും. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്.

വോട്ടെണ്ണൽ രാവിലെ എട്ടിനു ആരംഭിക്കും. കൗണ്ടിങ് ടേബിളിൾ വയ്ക്കുന്ന കൺട്രോൾ യൂണിറ്റിൽ സീലുകൾ, സ്‌പെഷ്യൽ ടാഗ് എന്നിവ കൃത്യമായി ഉണ്ടെന്ന് സ്ഥാനാർഥികളുടെയോ കൗണ്ടിങ്, ഇലക്ഷൻ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും വോട്ടെണ്ണൽ ആരംഭിക്കുക.

വരണാധികാരിയുടെ ടേബിളിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണും. സ്ഥാനാർത്ഥിയുടെയോ സ്ഥാനാർത്ഥികൾ നിയോഗിക്കുന്ന കൗണ്ടിംഗ് ഏജന്റുമാരുടെയോ സാന്നിധ്യത്തിലാണ് ഓരോ ടേബളിലും വോട്ടെണ്ണുക. ലീഡ് നിലയും ഫലവും തത്സമയം TREND - ൽ അറിയാൻ കഴിയും. ആദ്യഫലം രാവിലെ 8:30 നും പൂർണ്ണമായ ഫലം ഉച്ചയോടുകൂടെയും ലഭ്യമാകും.

തെരഞ്ഞെടുപ്പ് വിജയാഹ്ളാദപ്രകടനങ്ങളിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മിതത്വം പാലിക്കണം. ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ട്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്‌സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ. ഹരിതച്ചട്ടവും, ശബ്ദനിയന്ത്രണ, പരിസ്ഥിതി നിയമങ്ങളും ആഹ്‌ളാദപ്രകടനങ്ങളിൽ കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow