വി.ഡി.എസ് മന്ത്രിസഭ ഇന്ന് അധികാരമേൽക്കും; തലസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി"
തിരുവനന്തപുരം: കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന വിപുലമായ ചടങ്ങിൽ മുഖ്യമന്ത്രിക്ക് പുറമെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എം.പി പ്രിയങ്കാ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു എന്നിവർ ചടങ്ങിൽ നേരിട്ട് പങ്കെടുക്കും. എന്നാൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
വി.ഡി. സതീശന് പുറമെ കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, ബിന്ദു കൃഷ്ണ, എ.പി. അനിൽ കുമാർ, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ, ടി. സിദ്ദിഖ്, ഒ.ജെ. ജനീഷ്, കെ.എ. തുളസി എന്നിവരും മുസ്ലിം ലീഗിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. ഘടകകക്ഷി നേതാക്കളായ സി.പി. ജോൺ (സി.എം.പി), ഷിബു ബേബി ജോൺ (ആർ.എസ്.പി), അനൂപ് ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ്), മോൻസ് ജോസഫ് (കേരള കോൺഗ്രസ്) എന്നിവരും പുതിയ മന്ത്രിസഭയുടെ ഭാഗമാകും.
രാജ്ഭവന്റെ കർശന നിർദേശപ്രകാരം പ്രധാന വേദിയിൽ ഗവർണർക്കും നിയുക്ത മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും മാത്രമായിരിക്കും പ്രവേശനം. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കും മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും വേദിയുടെ മുൻനിരയിലായിരിക്കും ഇരിപ്പിടം ഒരുക്കുക. നിയുക്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ബി.ജെ.പി സംസ്ഥാന അധ്യക്ഷനും നിയുക്ത എം.എൽ.എയുമായ രാജീവ് ചന്ദ്രശേഖരൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുടങ്ങിയ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തും.
മന്ത്രിമാരുടെ വകുപ്പുകളെല്ലാം ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്നും പട്ടിക ഇന്ന് ഗവർണർക്ക് സമർപ്പിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പുതിയ മന്ത്രിസഭ രൂപീകരണത്തിൽ കോൺഗ്രസിൽ യാതൊരുവിധ അനാവശ്യ സമ്മർദ്ദങ്ങളോ വീതംവെപ്പുകളോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിമർശനങ്ങൾക്ക് അതീതനല്ല മുഖ്യമന്ത്രിയെന്നും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പറഞ്ഞ അദ്ദേഹം, കേരളത്തിൽ ഒരു പുതുയുഗത്തിന് തുടക്കമിടുകയാണെന്ന് പ്രഖ്യാപിച്ചു. കറുത്ത കാർ ഉപയോഗിക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പുതിയ കാർ വാങ്ങില്ലെന്ന് മാത്രമാണ് ഉദ്ദേശിച്ചതെന്നും വ്യക്തമാക്കിയ അദ്ദേഹം, തന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം മൂന്നായി പരിമിതപ്പെടുത്തുമെന്നും ഉറപ്പുനൽകി.
What's Your Reaction?



