ഇസ്രയേലിലേക്കുള്ള മിസൈലില്‍ ഇന്ത്യയ്ക്ക് നന്ദി;കൈപ്പടയിലെഴുതി ഇറാന്‍ സൈനികര്‍

Mar 28, 2026 - 13:25
Mar 28, 2026 - 13:26
 0
ഇസ്രയേലിലേക്കുള്ള മിസൈലില്‍ ഇന്ത്യയ്ക്ക് നന്ദി;കൈപ്പടയിലെഴുതി ഇറാന്‍ സൈനികര്‍

ടെഹ്റാൻ∙ ഇസ്രയേലിനെ ലക്ഷ്യംവച്ചുള്ള മിസൈലിനു മുകളില്‍ ‘ഇന്ത്യയ്ക്ക് നന്ദി’യെന്ന് കൈപ്പടയിലെഴുതി ഇറാന്‍ വ്യോമസേനാ ഉദ്യോഗസ്ഥർ. ചിത്രങ്ങൾ ഇറാന്റെ മുംബൈ കോണ്‍സുല്‍ ജനറൽ ഓഫിസ് എക്സിൽ പോസ്റ്റു ചെയ്തു. നീലനിറത്തിലുള്ള മഷിയില്‍ ‘താങ്ക്യു ടു പീപ്പിള്‍ ഓഫ് ഇന്ത്യ’എന്നാണ് എഴുതിയിരിക്കുന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. 

സമാനമായ രീതിയിലുള്ള സന്ദേശം സ്പെയിന്‍, പാക്കിസ്ഥാന്‍, ജര്‍മനി എന്നീ രാജ്യങ്ങളുടെ പേരിലും എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിനു മറുപടിയായി ഇസ്രയേലിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഇറാനിലെ ഊർജനിലയങ്ങൾ തകർക്കുമെന്ന അന്ത്യശാസനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 10 ദിവസംകൂടി നീട്ടി. ഇറാൻ 7 ദിവസം കൂടി സാവകാശം ചോദിച്ചെന്നും താൻ 10 ദിവസം നൽകിയെന്നുമാണു ട്രംപിന്റെ വിശദീകരണം. ഇറാനുമായി ചർച്ചകൾ മുന്നേറുന്നുവെന്നും ആവർത്തിച്ചു.

ഹോർമുസ് കടലിടുക്കിലൂടെ ചരക്കുകപ്പലുകൾ ഇറാൻ സേനാവിഭാഗമായ റവലൂഷനറി ഗാർഡിന്റെ (ഐആർജിസി) അനുമതിയോടെ മാത്രം കടത്തിവിടുന്ന സംവിധാനത്തിലേക്ക് ഇറാൻ കടന്നുവെന്നാണ് റിപ്പോർട്ട്. കപ്പലുകളിൽനിന്ന് പണം ഈടാക്കിയെന്നും ആക്ഷേപമുയർന്നു. സുരക്ഷാപരിശോധനയ്ക്കുശേഷം മാത്രം കപ്പലുകൾ കടത്തിവിടുന്ന സംവിധാനം ഏർപ്പെടുത്തിയതായി ഇറാൻ ഐക്യരാഷ്ട്രസംഘടനയുടെ സമുദ്രഗതാഗത അതോറിറ്റിയായ ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷനെ (ഐഎംഒ) ചൊവ്വാഴ്ച അറിയിച്ചിരുന്നു. 

കപ്പൽസുരക്ഷ ഉറപ്പുവരുത്താനുള്ള മുൻകരുതൽ നടപടിയാണിതെന്നും വിശദീകരിച്ചു. ഇതിനായി ചരക്കുകപ്പലുകൾ ഇറാന്റെ സമുദ്ര മേഖലയിൽ പ്രവേശിച്ച് സേനയുടെ അനുമതി വാങ്ങിയശേഷമാണു ഹോർമുസ് കടലിടുക്കിലേക്കു തിരിയേണ്ടത്. ടോൾ ബൂത്തിനു തുല്യമായ സമ്പ്രദായമാണിത്.

What's Your Reaction?

like

dislike

love

funny

angry

sad

wow