കപ്പലിലെ ഹാന്റാ വൈറസ് ബാധ മഹാമാരിയാകില്ല; കോവിഡുമായുള്ള താരതമ്യം തള്ളി ലോകാരോഗ്യ സംഘടന

May 8, 2026 - 10:56
May 8, 2026 - 10:56
 0
കപ്പലിലെ ഹാന്റാ വൈറസ് ബാധ മഹാമാരിയാകില്ല; കോവിഡുമായുള്ള താരതമ്യം തള്ളി ലോകാരോഗ്യ സംഘടന

അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് പുറപ്പെട്ട എം.വി. ഹോൺഡിയസ് എന്ന കപ്പലിൽ ഹാന്റാ വൈറസ് ബാധയെത്തുടർന്ന് മൂന്നുപേർ മരിച്ച പശ്ചാത്തലത്തിൽ, ഇത് മറ്റൊരു കോവിഡ് മഹാമാരിയാകുമോ എന്ന ആശങ്കയ്ക്ക് മറുപടിയുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുകയാണ്. ഹാന്റാ വൈറസ് കോവിഡിനെപ്പോലെ പടരുന്ന ഒന്നല്ലെന്നും അതിനാൽ ഇതൊരു മഹാമാരിയാകാൻ സാധ്യതയില്ലെന്നും ലോകാരോഗ്യ സംഘടനയുടെ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ഡോ. മരിയ വാന്‍ കെര്‍ക്കോവ് വ്യക്തമാക്കി.

കോവിഡ് പോലെ വായുവിലൂടെ പെട്ടെന്ന് പടരുന്ന ഒന്നല്ല ഹാന്റാ വൈറസ്. എലികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത് വളരെ അപൂർവമായാണ്. ദീർഘനേരം അടുത്ത സമ്പർക്കം പുലർത്തുന്ന സാഹചര്യങ്ങളിൽ മാത്രമേ ഹാന്റാ വൈറസിന്റെ വകഭേദമായ ആൻഡീസ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പടരുകയുള്ളൂ. നിലവിൽ ഒരു കപ്പലിനുള്ളിലെ പരിമിതമായ സ്ഥലത്താണ് വൈറസ് പടരുന്നതെന്നും പൊതുസമൂഹത്തിലേക്ക് ഇത് വലിയ തോതിൽ വ്യാപിക്കാൻ സാധ്യതയില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

രോഗം ബാധിച്ചവർ നിലവിൽ വിവിധ രാജ്യങ്ങളിൽ ചികിത്സയിലാണ്. കപ്പലിലെ സാഹചര്യം വിലയിരുത്തി സമ്പർക്കപ്പട്ടിക തയ്യാറാക്കുകയും ക്വാറന്റൈൻ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ രോഗവ്യാപനം നിയന്ത്രിക്കാനാകുമെന്ന് ഡോ. അബ്ദുറഹ്മാൻ മുഹമ്മദ് പറഞ്ഞു. ആൻഡീസ് വൈറസിന്റെ ഇൻക്യുബേഷൻ കാലയളവ് ആറ് ആഴ്ച വരെയായതിനാൽ ഇനിയും കേസുകൾ റിപ്പോർട്ട് ചെയ്തേക്കാം. എങ്കിലും കൃത്യമായ പ്രതിരോധ നടപടികളിലൂടെ ഇതിനെ തടയാനാകുമെന്നും പൊതുജനാരോഗ്യത്തിന് നിലവിൽ ഭീഷണിയില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അഥാനോം ഗെബ്രെസൂസും വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow