ചുട്ടുപൊള്ളും; മൂന്നാറിലും ചെങ്ങന്നൂരിലും ഓറഞ്ച് അലർട്ട്, ജോലി സമയം പുനഃക്രമീകരിച്ചു
കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ യുവി ഇൻഡക്സ് 7 ആണ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ അൾട്രാവയലറ്റ് (UV) വികിരണത്തിന്റെ തോത് ആശങ്കാജനകമായ രീതിയിൽ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇടുക്കിയിലെ മൂന്നാർ, ആലപ്പുഴയിലെ ചെങ്ങന്നൂർ എന്നിവിടങ്ങളിൽ ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് (8) രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മേഖലകളിൽ ജാഗ്രതയുടെ ഭാഗമായി 'ഓറഞ്ച് അലർട്ട്' പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ യുവി ഇൻഡക്സ് 7 ആണ് രേഖപ്പെടുത്തിയത്.
സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി. പകൽ വെയിലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും. രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയപരിധിക്കുള്ളിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12-ന് അവസാനിക്കുന്ന രീതിയിലും, ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3-ന് ആരംഭിക്കുന്ന രീതിയിലുമായിരിക്കും ക്രമീകരണം.
യുവി ഇൻഡക്സ് ഉയരുന്നത് ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. പുറത്തിറങ്ങുന്നവർ കുടയോ തൊപ്പിയോ ഉപയോഗിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. സൂര്യാഘാത ലക്ഷണങ്ങൾ കണ്ടാലുടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
What's Your Reaction?



