ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം ∙ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി. ആറാം പ്രതി കിരണ്‍, എട്ടാം പ്രതി ഷഫീഖ്, പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ അപേക്ഷകളാണ് കോടതി നിരസിച്ചത്.
വാറന്റുമായി പരിശോധനയ്ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സിആർപിഎഫ് ഉദ്യോഗസ്ഥരെ വാഹനത്തിനകത്ത് തടഞ്ഞുവെച്ച് പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും, സംഭവത്തിൽ ഇ.ഡി ഉദ്യോഗസ്ഥർ അടക്കം ആറുപേർക്ക് പരുക്കേറ്റതായും പ്രോസിക്യൂഷൻ അറിയിച്ചു.
അതേസമയം, പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും തുടരന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു. മുറിവുകൾ ഗുരുതരമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും വധശ്രമ കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി.
What's Your Reaction?



