വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു
വടുതല കർഷകറോഡ് ഗ്രീൻ ഗാർഡനിലെ വാടകവീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
കൊച്ചി: എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അമ്മയും മകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. സാമ്പത്തിക പ്രയാസങ്ങളും കുടുംബനാഥന്റെ വേർപാടും മൂലമുള്ള മാനസിക വിഷമവുമാകാം ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു.
വടുതല കർഷകറോഡ് ഗ്രീൻ ഗാർഡനിലെ വാടകവീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിരുവനന്തപുരം വിളപ്പിൽശാല സ്വദേശി അശ്വതി എസ്.നായർ, അമ്മ ശ്രീകുമാരി, അശ്വതിയുടെ മക്കളായ കീർത്തിവൻ (14), കാർണിവൻ (10), രണ്ട് വയസ്സുള്ള പെൺകുഞ്ഞ് എന്നിവരാണ് മരിച്ചത്.
ഏതാനും ദിവസങ്ങളായി ഇവരെ പുറത്തു കാണാതിരുന്നതിനെത്തുടർന്ന് വിദേശത്തുള്ള വീട്ടുടമയുടെ ബന്ധു എത്തി പരിശോധിച്ചപ്പോഴാണ് ദാരുണമായ ദൃശ്യം കണ്ടത്. ഉടൻ തന്നെ നോർത്ത് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹങ്ങൾക്ക് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ട്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ബൗദ്ധിക വെല്ലുവിളി നേരിടുന്ന മൂത്തമകൻ കീർത്തിവന്റെ ചികിത്സയ്ക്കായി എറണാകുളത്ത് എത്തിയതായിരുന്നു ഇവർ. അശ്വതിയുടെ ഭർത്താവ് ഏതാനും നാൾ മുൻപ് കരൾ രോഗത്തെത്തുടർന്ന് മരിച്ചിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ അശ്വതി എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. "ഭർത്താവിന്റെ അടുത്തേക്ക് പോകുന്നു" എന്നാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഭർത്താവിന്റെ മരണം ഏൽപ്പിച്ച ആഘാതമാകാം ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. എറണാകുളം നോർത്ത് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
What's Your Reaction?