തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതല്ല; തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും: മുഖ്യമന്ത്രി പിണറായി വിജയൻ

തലസ്ഥാന നഗരത്തിൽ എൻ.ഡി.എയ്ക്ക് മേൽക്കൈ നേടാനായത് മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

Dec 13, 2025 - 18:15
Dec 13, 2025 - 18:15
 0
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതല്ല; തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകും: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്.) പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൻ്റെ കാരണങ്ങൾ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

തലസ്ഥാന നഗരത്തിൽ എൻ.ഡി.എയ്ക്ക് മേൽക്കൈ നേടാനായത് മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. "തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വർഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ടു പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്," അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാത്തരം വർഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതൽ ശക്തമായി തുടരേണ്ടതിൻ്റെ ആവശ്യകതയ്ക്ക് ഈ ഫലം അടിവരയിടുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആകെ പിന്തുണ ആർജ്ജിച്ചു മുന്നോട്ട് പോകാനുള്ള ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും എൽ.ഡി.എഫ്. വരുംനാളുകളിൽ കടക്കും.

എൽ.ഡി.എഫിൻ്റെ അടിത്തറ കൂടുതൽ ഭദ്രമാക്കാനും, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ വികസന-ജനക്ഷേമ പദ്ധതികൾക്കുള്ള ജനപിന്തുണ വർദ്ധിപ്പിക്കാനും പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow