ചെങ്കോട്ട സ്ഫോടനം: പൊട്ടിത്തെറിക്ക് തൊട്ടുമുന്‍പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ഒന്‍പത് മരണം
ഹ്യുണ്ടായ് i20 കാർ ചെങ്കോട്ടയ്ക്ക് അടുത്തുള്ള സുനഹ്രി മസ്ജിദിന് സമീപം ഏകദേശം മൂന്ന് മണിക്കൂറോളം നിർത്തിയിട്ടിരുന്നു
ന്യൂഡല്‍ഹി: ഡൽഹിയിൽ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം നടന്ന കാർ സ്ഫോടനത്തിൽ ഒന്‍പത് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് സ്ഫോടനം ഉണ്ടായത്. ഇതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഹ്യുണ്ടായ് i20 കാർ ചെങ്കോട്ടയ്ക്ക് അടുത്തുള്ള സുനഹ്രി മസ്ജിദിന് സമീപം ഏകദേശം മൂന്ന് മണിക്കൂറോളം നിർത്തിയിട്ടിരുന്നു.
കാർ വൈകിട്ട് 3:19-ന് പാർക്കിങ് സ്ഥലത്തേക്ക് പ്രവേശിക്കുന്നതും 6.48-ന് പുറത്തുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം നടന്നത്. തുടക്കത്തിൽ ഡ്രൈവറുടെ മുഖം വ്യക്തമായിരുന്നെങ്കിലും കാർ മുന്നോട്ട് പോകുമ്പോൾ മുഖം മറച്ച ഒരാളാണ് ഡ്രൈവിങ് സീറ്റിലിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. കാർ അവസാനമായി നഗരത്തിലേക്ക് പ്രവേശിച്ചത് ബദർപൂർ അതിർത്തിയിൽ നിന്നാണ്. ഇതിൻ്റെ ശേഷിക്കുന്ന യാത്രാപാത ഡൽഹി പോലീസിൻ്റെ സ്പെഷ്യൽ സെൽ അന്വേഷിച്ചുവരികയാണ്.
പൊട്ടിത്തെറിച്ച കാർ മുഹമ്മദ് സൽമാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇയാളെ തിങ്കളാഴ്ച രാത്രി അറസ്റ്റ് ചെയ്തു. എന്നാൽ, ഈ കാർ മുഹമ്മദ് സൽമാൻ വിറ്റതിനുശേഷം പലതവണ കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ആദ്യം നദീം എന്നയാൾക്കും തുടർന്ന് ഫരീദാബാദ് സെക്ടർ 37-ലെ റോയൽ കാർ സോൺ എന്ന യൂസ്ഡ് കാർ ഡീലർക്കും വിറ്റിരുന്നു. ഈ സ്ഥാപനവുമായി ബന്ധപ്പെട്ടവരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ, നൽകിയിരുന്ന എല്ലാ മൊബൈൽ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഫരീദാബാദിൽനിന്ന് 2900 കിലോ സ്ഫോടകവസ്തുക്കൾ പിടികൂടിയതുമായി ചെങ്കോട്ട സ്ഫോടനത്തിന് ബന്ധമുള്ളതായുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. കാർ കൈമാറ്റത്തിലെ കണ്ണികളിൽ നിന്ന് അത്തരത്തിലുള്ള വിവരങ്ങളും ലഭ്യമായിട്ടുണ്ട്.
What's Your Reaction?

