പോട്ട ബാങ്ക് കവര്‍ച്ച 16 മണിക്കൂര്‍ പിന്നിട്ടു, പ്രതിയെ കണ്ടെത്താനായില്ല, സ്കൂട്ടറില്‍ രക്ഷപ്പെട്ടയാള്‍ എവിടെ?

Feb 15, 2025 - 08:11
Feb 15, 2025 - 08:11
 0  5
പോട്ട ബാങ്ക് കവര്‍ച്ച 16 മണിക്കൂര്‍ പിന്നിട്ടു, പ്രതിയെ കണ്ടെത്താനായില്ല, സ്കൂട്ടറില്‍ രക്ഷപ്പെട്ടയാള്‍ എവിടെ?

ചാലക്കുടി: പോട്ട ഫെഡറല്‍ ബാങ്കില്‍നിന്ന് 15 ലക്ഷത്തോളം രൂപ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ 16 മണിക്കൂര്‍ പിന്നിട്ടിട്ടും പിടികൂടാനായില്ല. ഇന്നലെ (ഫെബ്രുവരി 14) രാത്രി മുഴുവന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചായിരുന്നു അന്വേഷണം നടത്തിയത്. മോഷ്ടാവ് അങ്കമാലിയിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ഇന്നലെ രാത്രി ലഭിച്ചിരുന്നു. ഇതോടെ ഇയാളുടെ യാത്ര കൊച്ചിയിലേക്കെന്നു മനസിലാക്കിയ അന്വേഷണ സംഘം ആലുവ, എറണാകുളം നഗരപരിധിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അതിൽ കൂടുതൽ ഇപ്പോൾ പറയാനില്ലെന്നും തൃശൂർ റൂറൽ എസ്പി ബി.കൃഷ്ണകുമാർ പറഞ്ഞു. 

മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെന്നും മധ്യമേഖല ഡിഐജി ഹരിശങ്കര്‍ പറഞ്ഞു. 'എടിഎമ്മിൽനിന്ന് എടുത്തുവച്ച പണമാണ് നഷ്ടമായത്.  കൂടുതൽ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നത് പ്രത്യേകതയാണ്. ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്നു പറയാനാകില്ലെന്നും പ്രാഥമിക ഘട്ടത്തിൽ അത്തരം നിഗമനങ്ങളിലേക്കു പോകേണ്ടതില്ല. എല്ലാ സാധ്യതകളും പോലീസ് പരിശോധിക്കുന്നുണ്ട്', അദ്ദേഹം അറിയിച്ചു.

ഇന്നലെ ഉച്ചയോടെയാണ് 15 ലക്ഷത്തോളം രൂപ കാഷ് കൗണ്ടറിൽനിന്ന് പ്രതി കവർന്നത്. ഉച്ചയോടെ ജീവനക്കാർ ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴായിരുന്നു സംഭവം. ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്‍റെ ഗ്ലാസ് തല്ലിത്തകർത്താണ് പണം കവര്‍ന്നത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കയ്യിൽ കിട്ടിയ കറൻസികൾ എടുത്ത ശേഷം രക്ഷപെടുകയുമായിരുന്നു. പണം അപഹരിച്ച ശേഷം ഇയാൾ സ്കൂട്ടറിൽ കയറി സ്ഥലം വിടുകയായിരുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow