ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നു, അതീവ ജാഗ്രതാനിർദ്ദേശം
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് എച്ച്5എൻ1 (H5N1) വൈറസ് സാന്നിധ്യം കണ്ടെത്തിയത്
ചെന്നൈയിലും പരിസരപ്രദേശങ്ങളിലും കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പക്ഷിപ്പനി (H5N1 വൈറസ്) മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും സംസ്ഥാനത്ത് കടുത്ത ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ അഡയാർ, ഗാന്ധി നഗർ, പള്ളിക്കരണൈ, വെലാച്ചേരി തുടങ്ങി വിവിധയിടങ്ങളിലായി ഏകദേശം 1500-ഓളം കാക്കകളാണ് ചത്തുവീണത്.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ നടത്തിയ പരിശോധനയിലാണ് എച്ച്5എൻ1 (H5N1) വൈറസ് സാന്നിധ്യം കണ്ടെത്തിയത്. കാക്കകളിൽ കാണുന്ന ഈ വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കുറവാണെങ്കിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ചത്തുകിടക്കുന്ന പക്ഷികളെ ഒരു കാരണവശാലും നഗ്നമായ കൈകൾ കൊണ്ട് തൊടരുത്. ചത്ത പക്ഷികളെ മാറ്റേണ്ടി വന്നാൽ നിർബന്ധമായും ഗ്ലൗസ് ധരിക്കണം.
കൈകൊണ്ട് തൊടാൻ ഇടയായാൽ ഉടൻ സോപ്പിട്ട് കഴുകുക. കൈകൾ വൃത്തിയാക്കാതെ മുഖത്തോ കണ്ണിലോ തൊടരുത്. പക്ഷികളെ കൈകാര്യം ചെയ്യുമ്പോഴും പാകം ചെയ്യുമ്പോഴും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുക. വളർത്തുപക്ഷികളോ കാട്ടുപക്ഷികളോ കൂട്ടത്തോടെ ചാവുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കണം. ചത്ത പക്ഷികളെ തുറസ്സായ സ്ഥലത്ത് പോസ്റ്റ്‌മോർട്ടം ചെയ്യരുത്. ലാബുകളിൽ എത്തിച്ച് മാത്രമേ പരിശോധിക്കാവൂ. പക്ഷികളുടെ ജഡം ആഴത്തിൽ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. പോൾട്രി ഫാമുകളിലേക്കും മറ്റും പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം.
What's Your Reaction?

