മുന്നണിയിൽ തുടരുമോ? സെക്രട്ടേറിയറ്റിന് ശേഷം പറയാം: പ്രതികരണവുമായി ബിനോയ് വിശ്വം
മുന്നണി മര്യാദയുടെ ലംഘനം എന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായി ബിനോയ് വിശ്വം
തിരുവനന്തപുരം: സി.പി.ഐയുടെ ശക്തമായ എതിർപ്പ് അവഗണിച്ചുകൊണ്ട് പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ച നടപടിയിൽ രൂക്ഷവിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. "ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ല," അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുന്നണി മര്യാദയുടെ ലംഘനം എന്ന നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മുന്നണിയിൽ തുടരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, "അതൊക്കെ 12.30 കഴിഞ്ഞ് പറയാം" എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മറുപടി. മന്ത്രിസഭയിലും എൽ.ഡി.എഫിലും സി.പി.ഐ. കടുത്ത എതിർപ്പ് ഉന്നയിച്ചിട്ടും അത് വകവെക്കാതെയാണ് സർക്കാർ പദ്ധതിയിൽ ഒപ്പിട്ടത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി വ്യാഴാഴ്ച ഡൽഹിയിൽ വെച്ച് കേന്ദ്രസർക്കാരുമായി ധാരണാപത്രം ഒപ്പുവെക്കുകയായിരുന്നു. ഈ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, വിഷയം ചർച്ച ചെയ്യാൻ സി.പി.ഐ. വെള്ളിയാഴ്ച അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം കൂടുതൽ പ്രതികരണം അറിയിക്കാമെന്നാണ് ബിനോയ് വിശ്വം സൂചിപ്പിച്ചത്.
മൂന്നുതവണ മന്ത്രിസഭയിൽ വിഷയം അവതരിപ്പിച്ചപ്പോഴും മാധ്യമങ്ങളിലൂടെ പരസ്യമായും സി.പി.ഐ. ഈ പദ്ധതിയിൽ ചേരുന്നതിനെ എതിർത്തിരുന്നു. വിദ്യാഭ്യാസ മന്ത്രി പദ്ധതിയുടെ ഭാഗമാകണമെന്ന് നിലപാടെടുത്തപ്പോൾ സി.പി.ഐ. പരസ്യമായി ഇറങ്ങി എതിർപ്പ് കടുപ്പിക്കുകയും ചെയ്തു. എന്നിട്ടും ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ എതിർപ്പിന് യാതൊരു വിലയും കൽപ്പിക്കാതെ സർക്കാർ പദ്ധതിയിൽ ഒപ്പുവെച്ചത് സി.പി.ഐക്ക് കനത്ത തിരിച്ചടിയാണ്.
What's Your Reaction?

