‘കേക്ക് കഴിച്ചാണ് പപ്പ അവശനായത്’; വയോധികന്റെ മരണത്തിൽ പരാതി, കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം

കഴിഞ്ഞ മാർച്ച് 20-നായിരുന്നു യേശുദാസൻ മരിച്ചത്

Apr 21, 2026 - 14:00
Apr 21, 2026 - 14:00
 0
‘കേക്ക് കഴിച്ചാണ് പപ്പ അവശനായത്’; വയോധികന്റെ മരണത്തിൽ പരാതി, കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം

ആലപ്പുഴ: ചെങ്ങന്നൂർ സ്വദേശിയായ വയോധികന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെത്തുടർന്ന് അധികൃതർ കല്ലറ തുറന്ന് പോസ്റ്റ്‌മോർട്ടം നടത്തുന്നു. പുലിയൂർ ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത യേശുദാസന്റെ (74) മൃതദേഹമാണ് പുറത്തെടുത്ത് പരിശോധിക്കുന്നത്.

കഴിഞ്ഞ മാർച്ച് 20-നായിരുന്നു യേശുദാസൻ മരിച്ചത്. എന്നാൽ, മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രവാസിയായ മരുമകൾ ലീന നൽകിയ പരാതിയിലാണ് ചെങ്ങന്നൂർ പോലീസ് നടപടി ആരംഭിച്ചത്.

യേശുദാസന്റെ പേരിലുള്ള സ്വത്തുക്കൾ സഹോദരൻ ഗബ്രിയേൽ തട്ടിയെടുക്കാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. മരണം സംഭവിക്കുന്നതിന് 90 ദിവസങ്ങൾക്കുള്ളിൽ സ്വത്തുക്കൾ സഹോദരന്റെ പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്തിരുന്നു. ഈ ആധാരത്തിൽ വീട്ടുജോലിക്കാരിയാണ് സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത്.

വീട്ടുജോലിക്കാരി നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെയാണ് യേശുദാസൻ അവശനിലയിലായതെന്ന് ലീന ആരോപിക്കുന്നു. മരണസമയത്ത് അദ്ദേഹം ഛർദിച്ചിരുന്നുവെന്നും ശരീരം നീല നിറത്തിലായിരുന്നുവെന്നും ഇത് വിഷം ഉള്ളിൽ ചെന്നതിന്റെ ലക്ഷണമാണെന്നും ഇവർ സംശയിക്കുന്നു.

യേശുദാസനെ ആശുപത്രിയിൽ കൊണ്ടുപോയ വിവരമോ മരണവിവരമോ വിദേശത്തുള്ള മകളെയോ മറ്റ് അടുത്ത ബന്ധുക്കളെയോ സമയത്ത് അറിയിച്ചില്ല. മരണത്തിന് പിന്നാലെ ലീനയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കിയതായും പരാതിയുണ്ട്.

യേശുദാസന്റെ മകൻ 2017-ൽ മരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് പരാതിക്കാരിയായ ലീന. യേശുദാസന്റെ മകൾ നിലവിൽ യുകെയിലാണ്. പിതാവിന്റെ മരണത്തിൽ മകൾക്കും വലിയ സംശയങ്ങളുണ്ടെന്ന് ലീന മാധ്യമങ്ങളോട് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow