മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു
പത്രപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും പ്രശസ്ത എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് (97) അന്തരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മണിപ്പാലിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പത്രപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു.
2019-ൽ കേരള സർക്കാർ നൽകുന്ന ഈ പരമോന്നത പത്രപ്രവർത്തന പുരസ്‌കാരം സ്വദേശാഭിമാനി-കേസരി പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു. പത്തനംതിട്ടയിലെ തുമ്പമൺ ആണ് ടി.ജെ.എസ് ജോർജിൻ്റെ സ്വദേശം.
മജിസ്ട്രേറ്റ് ആയിരുന്ന ടി.ടി. ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928-ലായിരുന്നു ജനനം.
എഴുത്തുകാരൻ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ അദ്ദേഹം നിരവധി സുപ്രധാന പുസ്തകങ്ങൾ രചിച്ചു. കാൽനൂറ്റാണ്ടോളം 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസി'ൽ അദ്ദേഹം എഴുതിയിരുന്ന 'പോയന്റ് ഓഫ് വ്യൂ' എന്ന കോളം വായനക്കാർക്കിടയിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കി. മൂന്ന് വർഷം മുൻപ് സജീവ പത്രപ്രവർത്തനത്തിൽനിന്ന് വിടവാങ്ങുമ്പോൾ, 'നൗ ഈസ് ദ ടൈം ടു സെ ഗുഡ്ബൈ' എന്ന തലക്കെട്ടിലാണ് അദ്ദേഹം കോളത്തിൻ്റെ അവസാന ലക്കം എഴുതിയത്.
What's Your Reaction?






