തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ സംസ്കാരം ബുധനാഴ്ച്ച നടക്കും. അദ്ദേഹത്തിൻ്റെ മൃതദേഹം ഇന്ന് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്ത് പഴയ എകെജി സെൻ്ററിലേക്ക് കൊണ്ടുപോകും.
എ കെ ജി പഠന ഗവേഷണകേന്ദ്രത്തിൽ ഇന്ന് രാത്രി പൊതുദർശനം ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇന്ന് രാത്രി മൃതദേഹം അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ട് പോകും. ശേഷം ചൊവാഴ്ച്ച രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും.
ഉച്ചയ്ക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാഷണൽ ഹൈവേ വഴിയാണ് ആലപ്പുഴയിലേക്ക് തിരിക്കുന്നത്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിൽ എത്തിക്കും. അവിടെയും പൊതുദർശനത്തിനുള്ള സൗകര്യമൊരുക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ബുധനാഴ്ച്ച രാവിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച വൈകീട്ട് വലിയ ചുടുകാടിൽ ആയിരിക്കും സംസ്കാര ചടങ്ങുകൾ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അറിയിച്ചു. ആംബുലൻസ് കടന്നുപോകുന്ന വഴികളിൽ ജനങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാനുള്ള അവസരം ഉണ്ടാകുമെന്നും എം വി ഗോവിന്ദൻ അറിയിച്ചു.
ഇന്ന് വൈകുന്നേരം 3.20 നാണ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചത്. 102 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഒരുമാസത്തോളമായി തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.