പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കാണാതായ 14കാരായ ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തി. ചിറ്റൂര്‍ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ 14 വയസുള്ള രാമനെയും ലക്ഷ്മണനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.
ചിറ്റൂർ ലംങ്കേശ്വര ക്ഷേത്രക്കുളത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. ഇന്നലെ വൈകിട്ട് മുതൽ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തെരച്ചിൽ നടത്തുകയായിരുന്നു.
നീന്തൽ അറിയാത്ത ഇരുവരും ക്ഷേത്രക്കുളത്തിൽ ചൂണ്ട ഇടാനെത്തിയതായിരിക്കാമെന്ന് നാട്ടുകാർ പറയുന്നു. ഇരുവരുടെയും വസ്ത്രങ്ങൾ കുളക്കരയിൽന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആദ്യം ലക്ഷ്മണന്റെയും പിന്നീട് രാമന്റെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.