തിരുവനന്തപുരം:ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയിലും ചടങ്ങ് സംഘടിപ്പിച്ചതായി റിപ്പോർട്ട്. ശബരിമലയിലെ ശ്രീകോവിലിന്റെ കവാടത്തിന് സാമ്യമുള്ള സ്വർണ വാതിൽ ഉണ്ണികൃഷ്ണൻ പോറ്റി നിർമിച്ചതിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്.
നടന്‍ ജയറാമിനെയും ഗായകന്‍ വീരമണി രാജുവിനെയും കൊണ്ട് പൂജിച്ച് വിശ്വാസ്യതയ്ക്ക് ശ്രമിക്കുകയും ചെയ്തു. 2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ വാതില്‍ കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള ധനികനായ വ്യവസായിയും അയ്യപ്പഭക്തനുമായ ആളിൽ നിന്ന് പണം വാങ്ങിയ ശേഷമാണ് വാതിൽ നിർമിച്ചിരിക്കുന്നത്.
കവാടം പൂജിച്ച് പണം ഈടാക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യം എന്നും വിവരം. ഇതേ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി താന്‍ ജോലി ചെയ്യുന്ന ബെംഗളൂരുവിലെ ശ്രീറാംപുരിലെ അയ്യപ്പ ക്ഷേത്രത്തിലും എത്തിച്ചിട്ടുണ്ട്. ഇക്കാര്യം ക്ഷേത്ര ഭാരവാഹി വിശ്വംഭരന്‍ നേരത്തേ സ്ഥിരീകരിച്ചിരുന്നു.
അതേസമയം ചടങ്ങ് സംഘിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടൻ ജയറാം. തന്റെ വീട്ടിൽ അല്ല ദൃശ്യങ്ങളിൽ ഉള്ള പൂജാ നടന്നതെന്നും ഉണ്ണികൃഷ്ണൻ പോറ്റി വിളിച്ചതനുസരിച്ച് പോയതാണെന്നും ജയറാം അറിയിച്ചു. അമ്പത്തൂരിലെ ഫാക്ടറിയിൽ ആയിരുന്നു ചടങ്ങ്. വീരമണിയെ ക്ഷണിച്ചത് താൻ ആണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശബരിമലയിൽ വച്ചു കണ്ടുള്ള പരിചയമാണെന്നും ജയറാം വ്യക്തമാക്കി.