തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞ മാസമായ കർക്കിടകത്തിന് വിട പറഞ്ഞ് പ്രത്യാശയുടെ മാസമായ ചിങ്ങത്തിലേക്ക് കാൽ എടുത്ത് വച്ചിരിക്കുകയാണ് മലയാളികൾ. ഐശ്വര്യവും സമൃദ്ധിയും നിറയുന്ന നാളുകളിലേക്കാണ് മലയാളികൾ ഇന്ന് മുതൽ കടക്കുന്നത്.
ഓണത്തെ വരവേൽക്കാനായി ഇന്നുമുതൽ നാടും നഗരവും ഒരുങ്ങും. കൊല്ലവർഷത്തിന്റെ ആദ്യ ദിവസമായതിനാൽ മലയാളികൾക്ക് ഈ ദിവസം പുതുവർഷാരംഭം കൂടിയാണ്. മാത്രമല്ല ചിങ്ങം ഒന്ന് മലയാളികൾക്ക് കർഷക ദിനം കൂടിയാണ്. കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മപ്പെടുത്താണ് ചിങ്ങം. ചിങ്ങമാസമെത്തിയാല്‍ കേരളക്കരയില്‍ എങ്ങും ആഘോഷങ്ങളാണ്.
തമിഴ് മാസമായ ആവണി ചിങ്ങമാസ സമയത്താണ്. ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാളമാസമായ ചിങ്ങം വരിക. ഓണം കൂടാതെ ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീ നാരായണഗുരു ജയന്തി, ചട്ടമ്പി സ്വാമി ജയന്തി, അയ്യങ്കാളി ജയന്തി, തുടങ്ങിയ വിശേഷങ്ങൾ വരുന്നതും ചിങ്ങത്തിലാണ്.