കിരീടം പാലം: രാജ്യത്തെ ആദ്യ സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണത്തിലേക്ക്

സഞ്ചാരികളുടെ മനം കവരാൻ താരങ്ങളുടെ ശില്പങ്ങളും സ്ഥാപിക്കും

Sep 25, 2025 - 14:28
Sep 25, 2025 - 14:28
 0
കിരീടം പാലം: രാജ്യത്തെ ആദ്യ സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണത്തിലേക്ക്
 
തിരുവനന്തപുരം: സിബി മലയിൽ ചിത്രം കിരീടത്തെ നെഞ്ചോട് ചേർത്തവർ ലാലേട്ടനും പാർവതിയും നടന്നുപോകുന്ന പാലം മറക്കാനിടയില്ല. തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലം സിനിമ ഹിറ്റായതിന് ശേഷം അറിയപ്പെട്ടത് കിരീടം പാലം എന്നാണ്. രാജ്യത്ത് ഒരു സംസ്ഥാനത്ത് ആരംഭിക്കുന്ന സിനിമാ ടൂറിസം പദ്ധതിക്കാണ് കിരീടം പാലത്തിന്റെ പുനരുജ്ജീവനത്തിലൂടെ യാഥാർത്ഥ്യമാകുന്നത്.     
 
പദ്ധതിയുടെ ഭാ​ഗമായി കിരീടം' സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച പാലവും പ്രദേശവും വികസിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. കിരീടം സിനിമയുടെ ഗൃഹാതുരത്വം വിളിച്ചോതുന്ന സാഹചര്യവും പദ്ധതിയുടെ ഭാഗമായി സഞ്ചാരികള്‍ക്കായി ഒരുക്കും. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ ശില്പങ്ങള്‍ പാലത്തിന് സമീപം സ്ഥാപിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. മോഹന്‍ലാലും പാര്‍വതിയും ഇനി കിരീടം പാലത്തിന് സമീപം സഞ്ചാരികളെ സ്വീകരിക്കാനുണ്ടാകും.
 
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലുള്ള കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്. പദ്ധതി ഉടൻ തന്നെ നാടിന് സമർപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം പ്രദേശത്ത് വലിയ മാറ്റങ്ങളാണ് വന്നത്. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഈ പ്രദേശം മാറിയിരിക്കുകയാണ്.  
 
സിനിമാ ടൂറിസം എന്ന ആശയത്തിന്റെ ആദ്യ ഘട്ടം എന്ന നിലയ്ക്കാണ് കിരീടം പാലത്തിന്റെ പ്രധാന ലൊക്കേഷനായ വെള്ളായണിയിലെ പാലവും പരിസരവും നവീകരിക്കുന്നത്. കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാ​ഗമായ ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യവും ഒരുക്കും. 1,22,50,000 രൂപയാണ് പദ്ധതി ചെലവ്. ടൂറിസം വകുപ്പ്, ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് മുഖേനെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
 
മറ്റ് ചില പ്രധാന സിനിമ ലൊക്കേഷനുകളും സിനിമ ടൂറിസത്തിൻ്റെ ഭാഗമായി ആരംഭിക്കുവാൻ ചർച്ചകൾ നടന്നുവരികയാണ്.
 
 

What's Your Reaction?

like

dislike

love

funny

angry

sad

wow