തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല; തൃശൂർ പൂരത്തിന് ആഘോഷങ്ങളുണ്ടാകില്ലെന്ന് ദേവസ്വം
അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനും അവർക്ക് സഹായമെത്തിക്കുന്നതിനുമാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് ദേവസ്വം അറിയിച്ചു
തൃശൂർ: മുണ്ടത്തിക്കോടുണ്ടായ ദാരുണമായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ, ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടത്തില്ലെന്ന് തിരുവമ്പാടി ദേവസ്വം പ്രഖ്യാപിച്ചു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള സാഹചര്യമല്ല നിലവിലുള്ളതെന്നും സർക്കാരും ജനങ്ങളും എടുക്കുന്ന ഏത് തീരുമാനത്തോടും സഹകരിക്കുമെന്നും ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ വ്യക്തമാക്കി.
അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനും അവർക്ക് സഹായമെത്തിക്കുന്നതിനുമാണ് നിലവിൽ മുൻഗണന നൽകുന്നതെന്ന് ദേവസ്വം അറിയിച്ചു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേർ മുണ്ടത്തിക്കോടുണ്ടായ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇത് ദേവസ്വത്തെ സംബന്ധിച്ച് വലിയ ആഘാതമാണ്.
അപകടത്തെക്കുറിച്ചുള്ള ഏത് തരത്തിലുള്ള അന്വേഷണത്തോടും ദേവസ്വം പൂർണ്ണമായും സഹകരിക്കും. നിലവിൽ അട്ടിമറി സാധ്യതകൾ ഉള്ളതായി കരുതുന്നില്ല. മുണ്ടത്തിക്കോട് സ്വദേശി സതീശനാണ് വെടിക്കെട്ടിനുള്ള കരാർ നൽകിയിരുന്നത്. ഇദ്ദേഹം മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി ഏറ്റെടുത്തിരുന്നതാകാം. നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ലെന്നാണ് ദേവസ്വം വിശ്വസിക്കുന്നത്.
What's Your Reaction?