ദുബായ്: ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ. പാക്കിസ്ഥാന്‍റെ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വിയിൽ നിന്ന് ജേതാക്കൾക്കുള്ള ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് എത്തിയില്ല. നഖ്‌വി പാകിസ്ഥാൻ ആഭ്യന്തര മന്ത്രിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും കൂടിയാണ്.
മുൻ ന്യൂസിലൻഡ് കളിക്കാരനും ട്രോഫി സമ്മാനിക്കുന്ന ചടങ്ങിലെ അവതാരകനുമായ സൈമൺ ഡൗൾ ടീം ഇന്ത്യയുടെ തീരുമാനം ലോകത്തെ അറിയിക്കുകയായിരുന്നു. ടീം അംഗങ്ങൾക്കുള്ള വ്യക്തിഗത മെഡലുകളും ഇന്ത്യ ബഹിഷ്കരിച്ചു. നിലപാടിൽ നിന്നും ഇന്ത്യൻ ടീം മാറാതിരുന്നതോടെ നഖ്‌വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ ഇന്ത്യ ട്രോഫി ഇല്ലാതെ തന്നെ ആഘോഷം തുടങ്ങി.