2030 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും; നറുക്ക് അഹമ്മദാബാദിന്
ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് ചരിത്രപരമായ ഈ പ്രഖ്യാപനം ഉണ്ടായത്
ന്യൂഡൽഹി: 2030ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യ വേദിയാകും. ഗുജറാത്തിലെ അഹമ്മദാബാദിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഗ്ലാസ്‌ഗോയിൽ നടന്ന കോമൺവെൽത്ത് സ്‌പോർട്‌സ് എക്‌സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് ചരിത്രപരമായ ഈ പ്രഖ്യാപനം ഉണ്ടായത്.
കോമൺവെൽത്ത് ഗെയിംസിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യ വേദിയാകുന്നതെന്ന പ്രത്യേകതയുമുണ്ട്. "ഇന്ത്യക്ക് ഇത് അഭിമാന നിമിഷമാണ്," ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ പ്രതികരിച്ചു.
ഗ്ലാസ്‌ഗോയിലെ പ്രഖ്യാപന ചടങ്ങിൽ പി.ടി. ഉഷ, കേന്ദ്ര കായികവകുപ്പ് ജോയിന്റ് സെക്രട്ടറി കുണാൽ, ഗുജറാത്ത് കായികമന്ത്രി ഹർഷ് സാങ്‌വി എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഇതിനുമുമ്പ് 2010-ൽ ന്യൂഡൽഹിയിലാണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് വേദിയായത്.
2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതിനായുള്ള ഉദ്ദേശ്യപത്രം ഇന്ത്യ ഇതിനകം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് സമർപ്പിച്ചു കഴിഞ്ഞു. 2036-ൽ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ രാജ്യം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
What's Your Reaction?

