ഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്സനെ നിയമിച്ച് സുപ്രീംകോടതി. റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെയാണ് സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി നിയമിച്ചത്.
രണ്ടാഴ്ചക്കുള്ളില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നാണ് നിര്‍ദേശം. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മറ്റി രൂപീകരിക്കും. ശേഷം രണ്ടുപേർ ചാൻസിലറുടെ നോമിനി, രണ്ടുപേർ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
സമിതിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നത് ചെയര്‍മാന്റെ വിവേചനാധികാരമായിരിക്കും. സെര്‍ച്ച് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ വിസി നിയമനത്തില്‍ നിര്‍ണായകമാകും. സെർച്ച് കമ്മറ്റിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കണം എന്നാണ് കോടതി നിര്‍ദേശം. രണ്ട് സര്‍വകലാശാലകള്‍ക്കും വിസി നിയമനം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.
സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പട്ടിക സര്‍ക്കാരും ഗവര്‍ണരും ഇന്ന് സുപ്രീംകോടതിക്ക് കൈമാറിയിരുന്നു. ഐഐടി, എന്‍ഐടി ഡയറക്ടര്‍മാരുടെ ഉള്‍പ്പെടെ എട്ട് പേരുടെ പട്ടികയാണ് ഗവര്‍ണര്‍ സുപ്രീംകോടതിക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാര്‍ പത്ത് പേര്‍ അടങ്ങുന്നവരുടെ പട്ടികയും കൈമാറിയിരുന്നു.