തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ മന്ത്രി വീണജോർജിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ച സംഭവത്തിലാണ് മന്ത്രി രാജി വയ്ക്കണമെന്ന് ഇവർ ആവശ്യമുന്നയിരിച്ചിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നടത്തിയ മാർച്ച് സംഘർഷത്തിലാണ് അവസാനിച്ചത്.
തിരുവനന്തപുരത്ത് മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്കും സംസ്ഥാന വ്യാപകമായി ഡിഎംഒ ഓഫീസുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശിയതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടിക്കടന്നു. പ്രവർത്തകരെ തടയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
മന്ത്രി വീണാ ജോര്‍ജിന്‍റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ബാരിക്കേഡുകൾ മറികടന്ന് മന്ത്രിയുടെ വീട്ടിലേക്ക് ഓടിക്കയറിയ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
ഇന്ന് പന്ത്രണ്ട് മണിയോടെയാണ് തിരുവനന്തപുരത്ത് അടക്കം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. കൊച്ചയിലെ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. പോലീസ് നിരവധി തവണ ജലപീരങ്കി ഉപയോഗിച്ചു.