കേരള സർക്കാർ സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വി. ഡി. സതീശൻ
തിരുവനന്തപുരം: വിവാദമായ തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി റദ്ദാക്കിയതായി മുഖ്യമന്ത്രി വി. ഡി. സതീശന്‍ അറിയിച്ചു. ഇന്നത്തെ സുപ്രധാന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും അടിയന്തരമായി റദ്ദ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ-റെയിൽ പദ്ധതിയുടെ അനിശ്ചിതത്വം കാരണം വര്‍ഷങ്ങളായി സ്വന്തം ഭൂമി വില്‍ക്കാനോ, പണയപ്പെടുത്താനോ, മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി വായ്പ എടുക്കാന്‍ പോലുമോ കഴിയാതെ സാധാരണക്കാര്‍ അനുഭവിച്ച വലിയ പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമാകുന്നത്.
പദ്ധതിക്കെതിരെ നടന്ന ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകള്‍ അവയുടെ സ്വഭാവമനുസരിച്ച് പിന്‍വലിക്കാനുള്ള ശുപാര്‍ശ കോടതികളിൽ സമർപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പ്രകൃതിക്കോ സാമ്പത്തിക ഭദ്രതയ്ക്കോ കോട്ടം തട്ടാത്ത രീതിയിലുള്ള സുസ്ഥിര വികസന പദ്ധതികൾക്ക് സർക്കാർ എതിരല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, കൃത്യമായ ഡി.പി.ആർ (DPR) പോലുമില്ലാതെ സില്‍വര്‍ ലൈന്‍ നടപ്പാക്കിയിരുന്നെങ്കില്‍ അത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് വഴിവെക്കുമായിരുന്നുവെന്നും, മണ്‍സൂണ്‍ കാലത്ത് ട്രെയിനിനൊപ്പം ബോട്ട് കൂടി ഓടിക്കേണ്ടി വരുമായിരുന്നെന്നും പരിഹസിച്ചു.
What's Your Reaction?

