മിൽമ പാൽ വില വർധിപ്പിച്ചു; ലിറ്ററിന് 4 രൂപ കൂടും, പുതുക്കിയ നിരക്ക് ജൂൺ 1 മുതൽ
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. വിലവർധനവ് നിലവിൽ വരുന്നതോടെ ഒരു ലിറ്റർ പാലിന്റെ വില 56 രൂപയായി ഉയരും. പുതുക്കിയ നിരക്കുകൾ വരും ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധിപ്പിക്കാൻ കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ തന്നെ തീരുമാനമായിരുന്നു.
ഈ വിലവർധനവിലൂടെ ലഭിക്കുന്ന അധിക വരുമാനത്തിന്റെ സിംഹഭാഗവും ക്ഷീരകർഷകരിലേക്കാണ് എത്തുന്നത്. വർധിപ്പിച്ച തുകയുടെ 83.75 ശതമാനം വിഹിതവും കർഷകർക്ക് നേരിട്ട് ലഭിക്കും. ബാക്കി തുകയിൽ 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകാനാണ് തീരുമാനം. കൂടാതെ 2.5 ശതമാനം മിൽമയ്ക്കും, 0.75 ശതമാനം ക്ഷീരകർഷക ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. പ്ലാസ്റ്റിക് നിർമാർജന പ്രക്രിയകൾക്കായി 0.5 ശതമാനം തുകയും വിനിയോഗിക്കും.
What's Your Reaction?

