തിരുവനന്തപുരം: മുൻ മന്ത്രിയും ആര്‍എസ്‍പി സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണിനെതിരെ പോലീസ് കേസ്. പണം നൽകിയിട്ടും ഫ്ലാറ്റ് കൈമാറിയില്ലെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസാണ് കേസ് എടുത്തത്.
കുമാരപുരം സ്വദേശി അലക്സ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഷിബു ബേബി ജോണിന്‍റേയും കുടുംബത്തിന്‍റേയും പേരിലുള്ള ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് പരാതി. 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.
നിര്‍മാണ കമ്പനിയായ ആന്‍ഡ ഷിബു ബേബി ജോണിന്‍റെ കുടുംബത്തിന്‍റെ കഴക്കൂട്ടം ചാക്ക ബൈപ്പാസിലുള്ള സ്ഥലത്ത് നിര്‍മിക്കാനിരുന്ന ഫ്‌ളാറ്റുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നിരിക്കുന്നത്. പണം വാങ്ങിയത് ബില്‍ഡറാണെന്നാണ് പോലീസ് പറയുന്നത്.
ഷിബു ബേബി ജോണിന്‍റെ കുടുംബവും കെട്ടിട നിര്‍മ്മാണ കമ്പനിയും തമ്മിൽ ധാരണയുണ്ടായിരുന്നു. 2020ല്‍ നിര്‍മാണ കമ്പനിക്ക് അലക്‌സ് രണ്ട് തവണയായി പതിനഞ്ച് ലക്ഷം രൂപ കൈമാറി. ഷിബു ബേബി ജോണിന്‍റെ സാന്നിധ്യത്തിലായിരുന്നു പണം കൈമാറിയത്. എന്നാൽ 5 വര്‍ഷം പിന്നിട്ടിട്ടും ഫ്‌ളാറ്റ് നിര്‍മാണം മുന്നോട്ടുപോയില്ല. തുടർന്നാണ് പരാതി നൽകിയത്.
എന്നാൽ പരാതിക്കാരനെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഷിബു ബേബി ജോൺ പ്രതികരിച്ചു. പരാതിക്കാരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.