കോഴിക്കോട്: ഉണക്കാനിട്ട കഞ്ചാവിന്റെ കൂടെ കിടന്നുറങ്ങിയ യുവാവ് പിടിയില്‍. കോഴിക്കോട് ബീച്ചിലാണ് സംഭവം. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയാണ് (30) വെള്ളയിൽ പോലീസിന്റെ പിടിയിലായത്. ബീച്ചിലെ മണൽപ്പരപ്പിൽ പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഇലകൾ ഉണങ്ങാനായി നിരത്തിയിട്ട ശേഷം, തൊട്ടടുത്ത് തന്നെ പായ വിരിച്ചു കിടന്നുറങ്ങുകയായിരുന്നു റാഫി.
ഇന്ന് രാവിലെയാണ് യുവാവ് പിടിയിലായത്. രാവിലെ നടക്കാനിറങ്ങിയ ആളുകളുടെ ശ്രദ്ധയിൽ പെട്ട ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. വൈകാതെ സ്ഥലത്തെത്തിയ വെള്ളയിൽ പൊലീസ് സംഘം യുവാവിനെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്തു. കര്‍ണാടകയില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് വിതരണം ചെയ്യുന്നയാളാണ് റാഫിയെന്നും വിവരമുണ്ട്.
370 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഇതെവിടെ നിന്ന് ലഭിച്ചു എന്നടക്കം വിവരം ലഭിക്കാൻ പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഇയാൾ ഇതിന് മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്.